അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ തായ്‌ലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. സുനില്‍ ഛേത്രിയുടെ ഇരട്ടഗോള്‍ മികവില്‍ 4-1നാണ് തായ്‌ലന്‍ഡിനെ പരാജയപ്പെടുത്തിയത്.
ആദ്യപകുതിയുടെ 27-ാം മിനിറ്റിലാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ പിറന്നത്. സുനില്‍ ഛേത്രി നല്‍കിയ ത്രോ ബോളുമായി മുന്നേറിയ ആഷിഖിന്റെ ശ്രമം തായ്‌ലന്‍ഡ് പ്രതിരോധം തടഞ്ഞപ്പോള്‍ ഉണ്ടായ പിഴവ് പെനാല്‍ട്ടിയില്‍ കലാശിക്കുകയായിരുന്നു. കിക്കെടുത്ത സുനില്‍ ഛേത്രിക്ക് പിഴച്ചില്ല. സ്‌കോര്‍ 1-0.
എന്നാല്‍ 15 മിനിറ്റിന് ശേഷം തീരതോണിന്റെ ഫ്രീ കിക്ക് വലയിലെത്തിച്ച് ക്യാപ്റ്റന്‍ ഡാങ്ഡ തായ്‌ലന്‍ഡിന് സമനില നേടിക്കൊടുത്തു. പി രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഉദാന്ത നല്‍കിയ ക്രോസ് ആഷിഖ് മറിച്ചുകൊടുത്തത് ഛേത്രി ഗോളാക്കി.
68-ാം മിനിട്ടില്‍ അനിരുദ്ധ് താപ്പയാണ് ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടിയത്. 78-ാം മിനിറ്റില്‍ ആഷിഖിന് പകരക്കാരനായി എത്തിയ ജെജെ ലാല്‍പെഖുല തായ്‌ലാന്‍ഡിന്റെ നെഞ്ചില്‍ അവസാനത്തെ ആണിയും അടിച്ചു.
ഇന്നത്തെ മത്സരത്തില്‍ നേടിയ ഇരട്ട ഗോളോടെ സുനില്‍ ഛേത്രി ഗോള്‍ നേട്ടത്തില്‍ ലയണല്‍ മെസിയെ മറികടന്നു. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമെന്ന റെക്കോഡ് ഛേത്രി സ്വന്തമാക്കി. 65 ഗോളുകളാണ് മെസിയുടെ അക്കൗണ്ടിലുള്ളത്. സുനില്‍ ഛേത്രി ഇതുവരെ നേടിയത് 67 ഗോളുകളാണ്. 85 ഗോളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഒന്നാമത്.