“ഞങ്ങള്‍ കളിച്ചത് പെണ്ണുങ്ങള്‍ക്കൊപ്പം” : ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരശേഷം സന്ദേശ് ജിങ്കന്റെ വിവാദ കമന്റ്, ഒടുവില്‍ മാപ്പ്

പനജി : ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സരശേഷം തങ്ങള്‍ സ്ത്രീകള്‍ക്കൊപ്പമാണ് കളിച്ചതെന്ന മോഹന്‍ബഗാന്‍ താരം സന്ദേശ് ജിങ്കന്റെ വാക്കുകള്‍ വിവാദത്തില്‍. കളി കഴിഞ്ഞ് ഡ്രസിങ് റൂമിലേക്ക് മടങ്ങുന്ന വേളയിലായിരുന്നു ജിങ്കന്റെ വിവാദ പരാമര്‍ശം.

ഔറതോം കേ സാഥ് മാച്ച് ഖേലാ ഹേ, ഔറതോം കേ സാഥ് (ഞങ്ങള്‍ പെണ്ണുങ്ങള്‍ക്കൊപ്പമാണ് കളിച്ചത്, പെണ്ണുങ്ങള്‍ക്കൊപ്പം) എന്ന് പറഞ്ഞു കൊണ്ട് ജിങ്കന്‍ ഗ്രൗണ്ട് വിടുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.

കമന്റ് വൈറലായതോടെ മഞ്ഞപ്പട വന്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. സ്ത്രീകളെ വില കുറച്ച് കാണുന്നത് ശരിയായ മാനസിക നിലപാടല്ലെന്നും അടുത്ത സീസണില്‍ മൈതാനങ്ങള്‍ തുറന്നാല്‍ താരം ഇന്ത്യയില്‍ തന്നെ ഉണ്ടെങ്കില്‍ മറുപടി നേരിട്ട് കൊച്ചി സ്റ്റേഡിയത്തില്‍ വെച്ച് നല്‍കുമെന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കമന്റ് ചെയ്തു.

സംഭവം വിവാദമായതോടെ ജിങ്കന്‍ മാപ്പ് പറഞ്ഞ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല എന്നും കളി സമനിലയിലായതിന്റെ ഇച്ഛാഭംഗം മൂലമാണ് അത് പറയേണ്ടി വന്നതെന്നുമാണ് ട്വീറ്റ്.

Exit mobile version