പാരിസ് : സഹ കളിക്കാരനെ സെക്‌സ് ടേപ്പിന്റെ പേരില്‍ ബ്ലാക് മെയില്‍ ചെയ്തുവെന്ന കേസില്‍ റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് ഫുട്‌ബോള്‍ താരം കരീം ബെന്‍സെമ കുറ്റക്കാരനെന്ന് കോടതി. താരത്തിന് ഉപാധിയോടെയുള്ള ഒരു വര്‍ഷത്തെ തടവും എഴുപത്തയ്യായിരം യൂറോ പിഴയും കോടതി ശിക്ഷ വിധിച്ചു.
ഫ്രഞ്ച് ഫുട്‌ബോളര്‍ മാത്യു വെല്‍ബ്യൂനയെ ബ്ലാക്‌മെയില്‍ ചെയ്ത കേസിലാണ് മറ്റ് അഞ്ച് പേരോടൊപ്പം ബെന്‍സെമയെയും കോടതി ശിക്ഷിച്ചത്. 2015ലായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് ഇരുവരും ഫ്രഞ്ച് ഫുട്‌ബോള്‍ ടീമില്‍ അംഗങ്ങളായിരുന്നു. ദേശീയ ടീമിന്റെ പരിശീലന ക്യാമ്പില്‍ വെച്ച് മറ്റ് നാല് പേര്‍ക്കും വേണ്ടി ബെന്‍സെമ വെല്‍ബ്യുനയെ ഭീഷണിപ്പെടുത്തി എന്നാണ് കേസ്. വെല്‍ബ്യുനയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച ഒരു അശ്ലീല വീഡിയോയുടെ പേരിലായിരുന്നു ഭീഷണി. സംഭവത്തെത്തുടര്‍ന്ന് അഞ്ച് വര്‍ഷത്തേക്ക് ബെന്‍സെമയെ ഫ്രഞ്ച് ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു.
എന്നാല്‍ കേസില്‍ താന്‍ നിരപരാധിയാണെന്നും യഥാര്‍ഥത്തില്‍ വെല്‍ബ്യുനയെ രക്ഷിക്കുകയായിരുന്നു തന്റെ ഉദ്ദേശമെന്നുമായിരുന്നു ബെന്‍സെമയുടെ വാദം. സംഭവത്തിന് ആധാരമായ വീഡിയോ നശിപ്പിക്കണം എന്ന് മാത്രമാണ് താന്‍ വെല്‍ബ്യുനയോട് ആവശ്യപ്പെട്ടതെന്നും ഇയാള്‍ വിചാരണവേളയില്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
സസ്‌പെന്‍ഡഡ് തടവുശിക്ഷയായതിനാല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് ബെന്‍സെമ ജയിലില്‍ കിടക്കേണ്ടതില്ല. പ്രൊബേഷന്‍ കാലാവധിയില്‍ കുറ്റകൃത്യം ചെയ്യുകയാണെങ്കില്‍ മാത്രം തടവ് ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.
Discussion about this post