ചമ്മന്തി ഇഷ്ടപ്പെടാത്ത മലയാളികള്‍ കുറവാണ്. എന്നാല്‍ മരുന്ന് ചമ്മന്തിയെ കുറിച്ച് കേട്ടിട്ടുണ്ടോ. പണ്ട് കാലത്തു നാട്ടിന്‍ പുറങ്ങളില്‍ വയറ്റാട്ടിമാര്‍ പ്രസവിച്ചു കിടക്കുന്ന സ്ത്രീകള്‍ക്ക് തയാറാക്കി കൊടുത്തിരുന്ന ഒരു സ്‌പെഷ്യല്‍ മരുന്ന് ചമ്മന്തി ഉണ്ടാക്കിയോലോ..
ചേരുവകള്‍
കുടമ്പുളി – 2 നന്നായികഴുകി ചെറുതായി കീറി എടുക്കുക
വറ്റല്‍മുളക് – 10
ചെറിയഉള്ളി – 15
അയമോദകം – 1/4 ടീസ്പൂണ്‍
കുരുമുളക് – 1 ടീസ്പൂണ്‍
വെളുത്തുള്ളി – 3 അല്ലെങ്കില്‍ 4
ഇഞ്ചി – ചെറിയ കഷ്ണം
കറിവേപ്പില – ഒരു കതിര്‍പ്പ്
ഇന്ദുപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പഴയരീതിയില്‍ മുളകും ഉള്ളിയും ചുട്ട് എടുത്തിട്ട് ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത് ചതച്ചു വെളിച്ചെണ്ണയില്‍ മൂപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതിനുസാധിക്കാത്തവര്‍ വളരെ കുറച്ചു വെളിച്ചെണ്ണയില്‍ മുളകും ഉള്ളിയും മറ്റുള്ള ചേരുവകളും വാട്ടി എടുത്തു അരകല്ലില്‍ അല്ലെങ്കില്‍ മിക്‌സിയില്‍ ചതച്ചെടുത്തു എണ്ണയില്‍ ഒന്നുകൂടി മൂപ്പിച്ചെടുക്കുക.