കേരള സ്റ്റൈല്‍ ചിക്കന്‍ കറി ഇഷ്ടമല്ലാത്ത ആരാ ഉളളത്. വളരെ എളുപ്പത്തില്‍ നല്ല രുചിയോടെ നമുക്ക് ചിക്കന്‍ കറി ഉണ്ടാക്കാം.
ഇതിനായി ഒരു കിലോ ചിക്കന്‍ ചെറിയ കഷണങ്ങളാക്കുക, ഒരു ബൗളില്‍ അര ടേബിള്‍ സ്പൂണ്‍ മുളക് പൊടി, അര ടേബിള്‍ സ്പൂണ്‍ മല്ലിപൊടി, അര ടീസ്പൂണ്‍ ചിക്കന്‍ മസാല, അര ടീസ്പൂണ്‍ കുരുമുളക് പൊടി, ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി അരച്ചത്, ഒരു നുള്ള് മഞ്ഞള്‍പ്പൊടി, കുറച്ച് ഉപ്പ് ഇവ മിക്സ് ചെയ്തു ഈ ചിക്കന്‍ കഷണങ്ങളില്‍ പുരട്ടി കാല് കപ്പ് വെള്ളം കൂടി ഒഴിച്ച് ഇടത്തരം തീയില്‍ ഇടയ്ക്കു ഇളക്കി കൊടുത്തു പകുതി വേവിച്ചു എടുക്കുക.
പകുതി വെന്ത ചിക്കന്‍ ഒരു പാത്രത്തിലേക്ക് മാറ്റി വെയ്ക്കുക. ഈ ചിക്കന്‍ വെന്ത ചാറു വേണമെങ്കില്‍ മാറ്റി വയ്ക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ പകുതി വെന്ത ചിക്കന്‍ വറുത്തു എടുക്കുക.
ഇനി വറുത്ത എണ്ണയില്‍ തന്നെ ഒരു സ്പൂണ്‍ കടുക്, കറി വേപ്പില എന്നിവ പൊട്ടിയ്ക്കുക. കാല് കപ്പ് തേങ്ങാക്കൊത്ത് ചേര്‍ത്ത് വഴറ്റുക. ഇനി മൂന്നു സവാള നീളത്തില്‍ കട്ടി കുറച്ചു അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. രണ്ടു സര്‍വ്വസുഗന്ധിയില കൂടി ചേര്‍ക്കുക.
ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് ഓരോ ടേബിള്‍ സ്പൂണ്‍ വീതം ചേര്‍ത്ത് വഴറ്റുക. നല്ലത് പോലെ വഴണ്ടു വന്നാല്‍ ഒരു ടേബിള്‍ സ്പൂണ്‍ മുളക് പൊടി ചേര്‍ത്ത് മൂപ്പിച്ച ശേഷം മൂന്നു പച്ചമുളക് കീറിയതും രണ്ടു തക്കാളി അരിഞ്ഞതും കൂടി ചേര്‍ത്ത് വഴറ്റുക. തക്കാളി വഴണ്ട് കഴിഞ്ഞാല്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി, അര ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി, അര ടീസ്പൂണ്‍ ചിക്കന്‍ മസാല കൂടി ചേര്‍ത്ത് മൂപ്പിക്കുക.
മസാല എല്ലാം നന്നായി മൂത്ത് കഴിഞ്ഞാല്‍ വെള്ളം ചേര്‍ക്കണം, നേരത്തെ മാറ്റി വെച്ച ചിക്കന്‍ വെന്ത ചോറോ അല്ലെങ്കില്‍ കുറച്ചു ചൂട് വെള്ളമോ ചേര്‍ക്കാം, ഒരുപാട് വെള്ളം വേണ്ട, ചിക്കന്‍ പകുതി വെന്തത് ആണല്ലോ. വെള്ളം ചേര്‍ത്ത് ചാര് എല്ലാം നന്നായി മസാലയുമായി യോജിച്ച ശേഷം വേവിച്ച ചിക്കനും പാകത്തിന് ഉപ്പും കൂടി ചേര്‍ത്ത് കുറച്ചു മല്ലിയിലയും കൂടി ഇട്ടു നന്നായി ഇളക്കി ഏറ്റവും ചെറിയ തീയില്‍ അടച്ചു വെച്ച് വേവിയ്ക്കുക.
വെന്ത ശേഷം അടപ്പ് മാറ്റി ഒരു നുള്ള് ഗരം മസാലയും മല്ലിയിലയും തൂകി ഒന്നിളക്കി വാങ്ങുക കേരള ചിക്കന്‍ കറി തയ്യാര്‍. ഇത് ഒരുപാട് ഗ്രേവി ഉള്ള ഡിഷ് അല്ല, കുറച്ചു ഗ്രേവി മതി, ചപ്പാത്തിയുടെ കൂടെ നല്ല ഒരു കോമ്പിനേഷന്‍ ആണ്.
Discussion about this post