മലയാളികളുടെ ഭക്ഷണ ശീലങ്ങളില്‍ സദ്യ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നാണ്. സദ്യയിലാണെങ്കില്‍ അവിയല്‍ ഒഴിവാക്കുക എന്നത് ചിന്തിക്കാനാകാത്ത കാര്യവും. രുചികരം മാത്രമല്ല, നല്ല ആരോഗ്യപ്രദാനമായ വിഭവം കൂടിയാണ് മലയാളികളുടെ സ്വന്തം വിഭവമായ അവിയല്‍. രുചികരമായൊരു അവിയല്‍ എങ്ങനെ തയാറാക്കാമെന്ന് നോക്കാം
ആവശ്യമായ ചേരുവകള്‍:
01. ചേന – 15 ഗ്രാം
02. പടവലം – അഞ്ചു ഗ്രാം അച്ചിങ്ങ – അഞ്ചു ഗ്രാം കാരറ്റ് – 10 ഗ്രാം മുരിങ്ങയ്ക്ക – 10 ഗ്രാം വെള്ളരിക്ക – 15 ഗ്രാം
03. പടറ്റിക്കായ – ഒരു കായയുടെ പകുതി
04. പച്ചമാങ്ങ – കുറച്ച്
05. വെളിച്ചെണ്ണ – മൂന്നു ചെറിയ സ്പൂണ്‍
06. മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍ മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍ ഉപ്പ് – പാകത്തിന്
07. തേങ്ങ ചുരണ്ടിയത് – അര മുറി ജീരകം – ഒരു ചെറിയ സ്പൂണ്‍ പച്ചമുളക് – 10 ഗ്രാം
08. കറിവേപ്പില – ഒരു തണ്ട്
09. വെളിച്ചെണ്ണ – മൂന്നു ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം:
01. ചേന ചെറുതായി നീളത്തിലരിഞ്ഞു വെള്ളത്തിലിട്ടു വയ്ക്കുക.
02. മുരിങ്ങയ്ക്ക, പടവലം, അച്ചിങ്ങ, കാരറ്റ്, വെള്ളരിക്ക എന്നിവയും ചെറുതായി നീളത്തില്‍ അരിഞ്ഞ് മറ്റൊരു പാത്രത്തില്‍ വെള്ളത്തില്‍ ഇടുക.
03. പടറ്റിക്കായ ചെറുതായി അരിഞ്ഞു വേറെ വെള്ളത്തിലിട്ടു വയ്ക്കുക.
04. പച്ചമാങ്ങയും അരിഞ്ഞു വേറെ വയ്ക്കുക.
05. ചെറിയ ഉരുളിയില്‍ വെള്ളിച്ചെണ്ണ ചൂടാക്കി, അരിഞ്ഞു വച്ചിരിക്കുന്ന മുരിങ്ങയ്ക്ക, അച്ചിങ്ങ, പടവലം, കാരറ്റ് എന്നിവ ക്രമത്തിലിടുക. ഏറ്റവും മുകളില്‍ ചേനയിടുക.
06. ചേനയുടെ മുകളിലായി വെള്ളരിക്ക ഇടണം.ഏറ്റവും മുകളില്‍ വേണം വെള്ളരിക്ക വരാന്‍. ഇല്ലെങ്കില്‍ ചേന കറുത്തുപോകും. വെള്ളം ചേര്‍ക്കാതെ വേവിക്കുന്നതു കൊണ്ടാണ് ഇങ്ങനെ ക്രമത്തില്‍ പച്ചക്കറി നിരത്തി ഇടുന്നത്.
07. ഇങ്ങനെ നിരത്തിയ പച്ചക്കറികളുടെ മുകളില്‍, മഞ്ഞള്‍പ്പൊടി, മൂളകുപൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക.
08. പാത്രം അടച്ചു വച്ചിതനുശേഷം ചെറുതീയില്‍ നന്നായി തിളയ്ക്കുമ്പോള്‍ കൂട്ടിയിളക്കുക.
09. ചേന മുക്കാല്‍ വേവാകുമ്പോള്‍ പടറ്റിക്കായയും മാങ്ങയും ചേര്‍ത്ത് അടച്ചു വയ്ക്കുക.
10. കായ വെന്ത ശേഷം അടപ്പു തുറന്ന്, കഷണങ്ങളുടെ നടുഭാഗം തുറക്കുക.(ഒരു കുഴി പോലെയുണ്ടാക്കുക.)
11. നടുവില്‍ ഊറി വരുന്ന വെള്ളം തവികൊണ്ടു കോരി ചുറ്റുമുള്ള കഷണങ്ങളില്‍ ഒഴിച്ചുകൊടുക്കണം.
12. മുഴുവന്‍ വെള്ളവും വലിഞ്ഞശേഷം തേങ്ങ, ജീരകം, പച്ചമുളക് എന്നിവ നന്നായി ചതച്ചത് കറിവേപ്പിലയും ചേര്‍ത്തു യോജിപ്പിക്കുക.
13. ഇതില്‍ വെളിച്ചെണ്ണ ചേര്‍ത്തു നന്നായി ചൂടാക്കി, അടുപ്പ് ഓഫ് ചെയ്യുക.
Discussion about this post