പാചകം ചെയ്യുമ്പോള്‍ പലര്‍ക്കും ഏറ്റവുമധികം പറ്റുന്ന കയ്യബദ്ധമാണ് അല്‍പ്പം ഉപ്പോ മുളകോ പുളിയോ ഒക്കെ കൂടിപ്പോവുക എന്നത്. എത്ര ശ്രദ്ധിച്ചാലും ചിലപ്പോള്‍ ഇത് അളവ് വിചാരിച്ചതിലും കൂടിപ്പോകും. ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ട ചില പൊടിക്കൈകള്‍ എന്തൊക്കെയാണ്.
പഞ്ചസാര
കറിയില്‍ ഉപ്പോ മുളകോ പഞ്ചസാരയോ അല്പം കൂടിയാല്‍ അല്പം പഞ്ചസാര എടുത്തു കറിയില്‍ ഇട്ടാല്‍ മതി. സാധാര രീതിയിലേക്ക് മാറിക്കോളും.
ജീരകപ്പൊടി
മറ്റൊരു പൊടിക്കൈ ആണ് ജീരകപ്പൊടി ഉപയോഗിക്കുക എന്നത്. നേരത്തെ പറഞ്ഞ പോലെ ഉപ്പിന്റെയോ മുളകിന്റെയോ പുളിയുടെയോ അളവ് കൂടുകയാണെങ്കില്‍ അല്പം ജീരകം വറുത്ത് പൊടിച്ചു ഇട്ടാല്‍ മതി.
തേങ്ങ
ചിലര്‍ക്ക് ജീരകത്തിന്റെ ചുവ ഇഷ്ടമാകാതെ വരാം. അത്തരക്കാര്‍ക്ക് തേങ്ങ അരച്ചതും കറിയില്‍ ചേര്‍ക്കാം. തേങ്ങ അധികമായ എരിവും ഉപ്പും മറ്റും വലിച്ചെടുക്കും.തേങ്ങാപ്പാലും ഉപയോഗിക്കാവുന്നതാണ്.
ചോറിന്റെ ഉരുള
നല്ലവണ്ണം കുഴച്ചു വെച്ച ഒരു ചോറുരുള ഉടയാതെ കറിയില്‍ ഇട്ടുവെക്കുക. അധികമായ ഉപ്പും എരിവുമെല്ലാം അത് വലിച്ചെടുത്തോളും. ഒരു പത്തിരുപത് മിനിറ്റ് കഴിഞ്ഞു എടുക്കുക.
ഇനി അച്ചാറിലാണ് ഉപ്പ് കൂടുന്നത് എങ്കില്‍ ശകലം തേങ്ങാ വെള്ളം ഒഴിച്ച് വെക്കുക. ഇത് ഉപ്പ് വലിച്ചെടുക്കുന്നതാകും.
നാരങ്ങാനീര്
ഇനി ഇറച്ചിയിലും മീനിലുമൊക്കെയാണ് ഉപ്പ് അധികമായതെങ്കില്‍ അല്പം നാരങ്ങാനീര് അതില്‍ ചേര്‍ക്കാവുന്നതാണ്. അത്തരത്തില്‍ അധികമായ ഉപ്പ് ഇല്ലാതാക്കാം.
കൂടാതെ വേറെയും ഉണ്ട് പൊടികൈകള്‍
കറി പാകമായതിനു ശേഷം ഉപ്പുകൂടി എന്നു മനസിലായാല്‍ ഒരു ഉരുളക്കിഴങ്ങ് പാതിവേവിച്ച് കഷ്ണങ്ങളാക്കി കറിയില്‍ ഇടുക. അരമണിക്കൂറിനു ശേഷം ഉരുളക്കിഴങ്ങ് എടുത്തു മാറ്റം. ഇത് കറിയില്‍ കൂടുതല്‍ വന്ന ഉപ്പ് കുറയ്ക്കാന്‍ സഹായിക്കും. അരമണിക്കൂറിനു ശേഷം ഉരുളക്കിഴങ്ങ് എടുത്തു മാറ്റുമ്പോള്‍ കറിക്ക് പാകത്തിനുള്ള ഉപ്പായിരിക്കും ഉണ്ടാകുക. കറി വയ്ക്കുന്ന സമയത്ത് തന്നെ ഉപ്പു കൂടിയ കാര്യം തിരിച്ചറിഞ്ഞാല്‍ വേവിക്കാതെ തന്നെ ഉരുളക്കിഴങ്ങ് കറിയില്‍ ഇടാവുന്നതാണ്. കറിയില്‍ കിടന്ന് കിഴങ്ങ് വെന്തുകൊള്ളും. കറി വാങ്ങി 10 മിനിറ്റിനു ശേഷം കിഴങ്ങ് എടുത്തു മാറ്റുക.
കറി അടുപ്പില്‍ നിന്ന് വാങ്ങിവച്ച ശേഷം മരക്കരി വൃത്തിയായി കഴുകിയ ഒരു കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് കറിക്കുള്ളില്‍ ഇടുക. രണ്ടോ മൂന്നോ കരിക്കട്ടകള്‍ ഇങ്ങനെ ഇടണം. അരമണിക്കൂറിനു ശേഷം ഇവ മാറ്റുമ്പോള്‍ കറിക്ക് പാകത്തിനുള്ള ഉപ്പായിരിക്കും ഉണ്ടാകുക.