ബഹിരാകാശത്ത് സഞ്ചാരികള്‍ കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണ സാധനങ്ങള്‍

ഭൂമിക്ക് പുറത്തുള്ള ലോകത്തെ കുറച്ചെങ്കിലും അനുഭവിച്ചറിയാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ളവരാണ് ബഹിരാകാശ യാത്രികര്‍. ബഹിരാകാശ പേടകത്തില്‍ താമസിച്ച് പരീക്ഷണം നടത്തുന്ന ഇവര്‍ എങ്ങനെയാണ് അവിടെ അതിജീവിക്കുന്നതെന്നൊക്കെ പലപ്പോഴായി പല വീഡിയോകളിലൂടെ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും ബഹിരാകാശത്ത് ഇവര്‍ എന്തൊക്കെയാണ് കഴിക്കുന്നത് എന്നതിനെ പറ്റി നമുക്ക് വലിയ ഐഡിയയില്ല. ഫ്രിഡ്ജില്‍ വയ്‌ക്കേണ്ടതായി വരുന്ന സാധനങ്ങളൊഴിച്ച് ബാക്കിയെന്തും സ്‌പേസിലേക്ക് കൊണ്ടുപോകാം എന്നിരിക്കുമ്പോളും ബഹിരാകാശത്ത് എന്തൊക്കെ ഭക്ഷണമാണ് കഴിക്കാന്‍ പാടില്ലാത്തത് എന്ന കാര്യത്തില്‍ നാസ കൃത്യമായ നിബന്ധനകള്‍ വച്ചിട്ടുണ്ട്. ഇവ എന്തൊക്കെയാണെന്ന് നോക്കാം.

ഉപ്പും മധുരവും

ഉപ്പും മധുരവും പൊടിയായോ ഗ്രാന്യൂളുകളായോ സ്‌പേസില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പൊടി ഭക്ഷണത്തില്‍ വിതറുമ്പോള്‍ ഇവ അന്തരീക്ഷത്തില്‍ പറന്ന് നടക്കും എന്നുള്ളത് കൊണ്ടാണിത്. ബഹിരാകാശ പേടകത്തിലുള്ള എന്തെങ്കിലും ദ്വാരങ്ങളില്‍ ഇവ കയറിയാല്‍ വലിയ പ്രശ്‌നങ്ങള്‍ അത് സൃഷ്ടിച്ചേക്കും. തന്നെയുമല്ല ബഹിരാകാശ യാത്രികരുടെ കണ്ണിലോ മൂക്കിലോ ഒക്കെ ഇവ കയറിക്കൂടാനും സാധ്യതയുണ്ട്. ഇതേ കാരണങ്ങള്‍ കൊണ്ട് തന്നെ കുരുമുളക് പൊടി ബഹിരാകാശ യാത്രികര്‍ ഏഴയലത്ത് അടുപ്പിക്കില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇവയൊന്നും പൊടിയായി ഉപയോഗിക്കാനനുവാദമില്ലെന്നേ ഉള്ളൂ, ദ്രാവകരൂപത്തില്‍ കൊണ്ടുപോകുന്നതിന് കുഴപ്പമില്ല.

ബ്രഡ്, കുക്കീസ്, ബിസ്‌ക്കറ്റ്

ബ്രഡ് പോലെയുള്ള ഭക്ഷണസാധനങ്ങള്‍ ഏറെ നാള്‍ ഷെല്‍ഫില്‍ സൂക്ഷിക്കേണ്ടി വരും എന്നതിനാല്‍ ഇവയും സ്‌പേസില്‍ അനുവദനീയമല്ല. പൊട്ടിച്ചെടുക്കുമ്പോഴും കടിക്കുമ്പോഴുമെല്ലാം തരികള്‍ അന്തരീക്ഷത്തില്‍ തെറിക്കാനും അവ നേരത്തേ ഉപ്പിന്റെ കാര്യം പറഞ്ഞ പോലെ ദ്വാരങ്ങളിലൊക്കെ കുടുങ്ങാനും സാധ്യതയുള്ളതിനാല്‍ ബിസ്‌ക്കറ്റ് പോലുള്ള ആഹാര പദാര്‍ഥങ്ങളും നാസ ഒഴിവാക്കിയിട്ടുണ്ട്.

സോഡ

ഭൂമിയില്‍ നിന്ന് വ്യത്യസ്തമായാണ്‌ ബഹിരാകാശത്ത് കാര്‍ബണേഷന്‍ നടക്കുന്നത്. ഇതുകൊണ്ട് തന്നെ നമ്മളിവിടെ സോഡാ കുപ്പി പൊട്ടിക്കുമ്പോള്‍ ഒരു സീല്‍ക്കാരത്തോടെ ഗ്യാസ് പുറത്തേക്ക് വരുന്നത് പോലെ അവിടെ വരില്ല. പകരം അതിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് കുമിളകള്‍ ദ്രാവകത്തിനുള്ളില്‍ തന്നെ നില്‍ക്കും. അതുകൊണ്ട് സോഡായും ബഹിരാകാശത്ത് അനുവദനീയമല്ല.

മദ്യം

ബഹിരാകാശത്ത് മദ്യം കഴിക്കുന്നത് നാസ വിലക്കിയിട്ടുണ്ട്. 24 മണിക്കൂറും ഏറെ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ട ജോലിയാണ് ബഹിരാകാശ നിലയത്തിലുള്ളത് എന്നതിനാല്‍ കോണ്‍സണ്‍ട്രേഷന്‍ കിട്ടാനാണ് മദ്യം വിലക്കിയിരിക്കുന്നത്.

ഐസ്‌ക്രീം

ഭാരം കുറഞ്ഞ അവസ്ഥയില്‍ ഐസ്‌ക്രീം വേര്‍പെട്ട് പോകാന്‍ സാധ്യതയുള്ളതിനാല്‍ ഐസ്‌ക്രീമിനും ബഹിരാകാശത്ത് വിലക്കുണ്ട്. നിലയത്തിലെ ഉപകരണങ്ങളില്‍ ഇവ ചെന്നുപറ്റുന്നത് വലിയ അപകടമാണ്. കൂടാതെ നിലയത്തിലെ അന്തരീക്ഷം മലിനമാകുന്നതിനും ഇത് കാരണമാകും. ഇതുകൊണ്ട് തന്നെ ഐസ്‌ക്രീം പ്രേമികളായ ബഹിരാകാശ സഞ്ചാരികള്‍ ഒന്ന് ഉള്ളം തണുപ്പിക്കണമെങ്കില്‍ ഭൂമിയിലെത്തും വരെ കാത്തിരിക്കേണ്ടി വരും.

ഭക്ഷണക്കാര്യത്തില്‍ നിബന്ധനകളുണ്ടെങ്കിലും ഇവയെല്ലാം നിലനിര്‍ത്തി കൊണ്ട് തന്നെ ഇഷ്ടമുള്ള ജങ്ക് ഫൂഡ് ഉള്‍പ്പടെ പാക്കേജുകളിലാക്കി കൊണ്ടുപോകുന്നവരുണ്ട്. പിസ്സയും ബര്‍ഗറുമൊക്കെ ബഹിരാകാശ യാത്രികര്‍ ഇവിടുത്തെ പോലെ തന്നെ ആസ്വദിച്ച് കഴിക്കുന്ന ചിത്രങ്ങളും നാസ പുറത്ത് വിട്ടിട്ടുണ്ട്.

Exit mobile version