ഇറ്റലിയില്‍ നിന്നെത്തി ലോകത്താകമാനമുള്ളവരുടെ ഇഷ്ടഭക്ഷണമായി മാറിയ വിഭവമാണ് പിസ്സ. വ്യത്യസ്ത ചേരുവകളിലും രുചികളിലും ഇന്ന് ലോകത്തെവിടെയും പിസ്സയുണ്ട്. ജന്മനാടായ റോമിലെ ഒരു റസ്റ്ററന്റില്‍ വിതരണം ചെയ്ത ഒരു പിസ്സക്ക് പിറകേയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
റോം സന്ദര്‍ശിക്കാനെത്തിയ തന്റെ സഹോദരന് ഇറ്റലിയിലെ റസ്റ്ററന്റില്‍ നിന്ന് കിട്ടിയ പിസ്സ എന്ന ക്യാപ്ഷനോടെ ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവച്ച ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വളരെ കുറഞ്ഞ അളവില്‍ സോസും കെച്ചപ്പും മയോണൈസും മുകളില്‍ വിതറിയാണ് പിസ്സ തയ്യാറാക്കിയിരിക്കുന്നത്. പിസ്സയുണ്ടാക്കിയതില്‍ പിശുക്ക് കാണിച്ചത് റെഡ്ഡിറ്റ് ഉപയോക്താക്കളെ ചൊടിപ്പിച്ചു.
പോസ്റ്റിന് താഴെ നിരാശ പ്രകടിപ്പിച്ച പലരും ഇതെങ്ങനെ പിസ്സയാകുമെന്നാണ് ചോദിച്ചത്. ഈ പിസ കുട്ടികള്‍ക്കുവേണ്ടിയുള്ളതാണെന്നും മുതിര്‍ന്നവര്‍ക്കല്ലെന്നും ചിലര്‍ കമന്റ് ചെയ്തപ്പോള്‍ ഇത് പിസ്സയുടെ അമേരിക്കന്‍ പതിപ്പാണെന്നും ഇറ്റലിയിലെത്തുന്ന അമേരിക്കന്‍ വിനോദസഞ്ചാരികള്‍ക്കു വേണ്ടി ഉണ്ടാക്കുന്നതാണെന്നുമാണ് മറ്റു ചിലര്‍ പ്രതികരിച്ചത്. ഇങ്ങനെയൊരു പിസ നല്‍കാന്‍ മാത്രം അദ്ദേഹം എന്തു തെറ്റാണ് ചെയ്തതെന്ന് പ്രതികരിച്ചവരും വേറെ.
എന്തൊക്കെയായാലും വെറൈറ്റി ആക്കാന്‍ നോക്കി ഒടുവില്‍ പിസ്സയ്ക്ക് തനത് രുചിയും രൂപവും ഇല്ലെങ്കില്‍ ആരാധകര്‍ വെറുതേ വിടില്ല എന്ന് തട്ടിക്കൂട്ടിയവര്‍ക്ക് മനസ്സിലായിട്ടുണ്ടെന്നാണ് കേട്ടുകേള്‍വി.
Discussion about this post