പുതുതലമുറ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധാലുക്കളാണ്. അല്‍പ്പം തടി കൂടുമ്പോഴേക്കും എല്ലാവരും തടികുറക്കാനുള്ള വഴികള്‍ തേടുകയാണ്. പലതരത്തിലുമുള്ള ഭക്ഷണ നിയന്ത്രണങ്ങളാണ് തടി കുറക്കാനായി പരീക്ഷിക്കുന്നത്. ഭാരം കുറക്കാന്‍ എന്തൊക്കെ ചെയ്യാം, ഡയറ്റ് എങ്ങനെ എന്നിവയാണ് ആളുകള്‍ കണ്ടെത്തുന്നത്. അമിതവണ്ണം കുറയ്ക്കാന്‍ ഏറ്റവും അധികം പേര്‍ ആശ്രയിക്കുന്ന ഡയറ്റാണ് കീറ്റോജെനിക് ഡയറ്റ് അഥവാ കീറ്റോ ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഗണ്യമായി കുറച്ച് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുന്നത്. കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പച്ചക്കറികള്‍ ഏതൊക്കെയാണെന്ന് നോക്കാം.
പാലക്ക് ചീര…
പോഷകസമ്പന്നമായ ഇലക്കറിയാണ് പാലക്ക്. ശരീരഭാരം കുറയ്ക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും ഏറ്റവും നല്ല ഭക്ഷണമാണ് പാലക്ക് ചീര .പ്രമേഹരോഗം കൊണ്ട് ശരീരത്തിന് സംഭവിച്ചേക്കാവുന്ന സങ്കീര്‍ണതകളെ പാലക്ക് ചീര തടയും. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദത്തെയും കുറയ്ക്കും. ഹൃദയത്തിന്റെ സംരക്ഷണത്തിനും പാലക്ക് സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്. ഉയര്‍ന്ന തോതില്‍ നാരുകള്‍ അടങ്ങിയ ഇലക്കറിയാണ് പാലക്ക്. വൈറ്റമിന്‍ എ, വൈറ്റമിന്‍ കെ, വൈറ്റമിന്‍ ബി, മഗ്‌നീഷ്യം, കോപ്പര്‍, സിങ്ക്, ഫോസ്ഫറസ്, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് പാലക്ക്.
കോളിഫ്‌ളവര്‍…
അമിതവണ്ണമുള്ളവര്‍ കോളിഫ്‌ളവര്‍ വിഭവങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കും. കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ കോളിഫ്‌ളവര്‍ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്ത് രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ കെ, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവ കോളിഫ്‌ളവറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാന്‍സര്‍, ദഹനസംബന്ധമായ അസുഖങ്ങള്‍ എന്നിവ വരാതിരിക്കാന്‍ കോളിഫ്‌ളവര്‍ കഴിക്കുന്നത് ഗുണം ചെയ്യും.
ബ്രോക്കോളി…
ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ശരീരത്തിന് ആവശ്യമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ധാരാളം നാരുകള്‍, പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ബി 6, കോപ്പര്‍, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രോക്കോളിയില്‍ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ ബ്രോക്കോളി കഴിക്കുന്നത് ഗുണം ചെയ്യും.
കൂണ്‍…
കൂണുകള്‍ പലതരത്തില്‍ കാണപ്പെടുന്നു. ആഹാരമാക്കാന്‍ കഴിയുന്നവ, വിഷമുള്ളവ എന്നിങ്ങനെ പലതരത്തിലുണ്ട്. ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ വളരെ നല്ലതാണ് കൂണ്‍. കൂണ്‍ വിഭവങ്ങള്‍ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നു. സന്ധിവീക്കം, നീര്‍ക്കെട്ട് തുടങ്ങിയ അസുഖങ്ങള്‍ക്ക് നല്ലൊരു മരുന്നാണ് കൂണ്‍.
പാവയ്ക്ക…
തടി കുറയാന്‍ ഏറ്റവും നല്ലതാണ് പാവയ്ക്ക. പാവയ്ക്ക ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. പ്രമേഹരോഗികള്‍ ദിവസവും പാവയ്ക്ക കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഏറ്റവും നല്ലതാണ് പാവയ്ക്ക. പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാന്‍ കഴിവുണ്ടെന്ന് തന്നെയാണ് മിക്ക പഠനങ്ങളും തെളിയിച്ചിരിക്കുന്നത്. പാവയ്ക്ക പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യുന്നു. അന്നജത്തിന്റെ ആഗിരണം കൂട്ടുന്ന ചില എന്‍സൈമുകളെ നിയന്ത്രിക്കാനും പാവയ്ക്കയ്ക്ക് സാധിക്കും.