സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായ അടുക്കളറാണി മസ്ത്താനമ്മ മുത്തശ്ശിയെ ആരും മറന്നിട്ടുണ്ടാകില്ല. മോണ കാട്ടി ചിരിച്ചു കൊണ്ട് പാചകം ചെയ്യുന്ന അമ്മ നമ്മെ വിട്ട് പിരിഞ്ഞെങ്കിലും അമ്മയുടെ ഭക്ഷണത്തിന്റെ രുചി റസീപികളിലൂടെ നമ്മുടെ നാവില്‍ ഇപ്പോഴും ഉണ്ട്. എന്നാല്‍ ഇതാ മസ്ത്താനമ്മയ്ക്ക് പുറമെ, സാമൂഹ്യമാധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ് നാരായണ മുത്തശ്ശനും.
അനാഥരായ കുട്ടികള്‍ക്കായാണ് തെലങ്കാന സ്വദേശിയായ നാരായണ റെഡ്ഡി ഭക്ഷണം ഉണ്ടാക്കുന്നത്. ഒരു വര്‍ഷത്തിനകം തന്നെ മൂന്ന് മില്യണ്‍ വരിക്കാരാണ് നാരായണ മുത്തശ്ശന്റെ ‘ഗ്രാന്‍പാ കിച്ചണ്‍’ എന്ന യൂട്യൂബ് ചാനലിനുള്ളത്. 145 വീഡിയോകളാണ് മുത്തശ്ശന്റെ ചാനലിലുള്ളത്. നാരായണ റെഡ്ഡിയുടെ മകന്‍ ശ്രീകാന്ത് റെഡ്ഡിയാണ് യൂട്യൂബില്‍ ഓരോ വീഡിയോകളും പോസ്റ്റ് ചെയ്യുന്നത്. അദ്ദേഹം പാകം ചെയ്യുന്നതും കുട്ടികള്‍ക്ക് നല്‍കുന്നതുമായ വീഡിയോകളാണ് ‘ഗ്രാന്‍പാ കിച്ചണ്‍’ എന്ന യൂട്യൂബ് ചാനലിലുള്ളത്.
നമ്മള്‍ പുറത്ത് നിന്ന് വാങ്ങി കഴിക്കുന്ന കെഎഫ്‌സി, ചിക്കന്‍ പോപ്പ്‌കോണ്‍, ഓറിയോ മില്‍ക്ക് ഷെയ്ക്ക്, വ്യത്യസ്തയിനം ക്രിസ്മസ് കേക്കുകള്‍, സ്വീഡന്‍ റൈസ്, മട്ടന്‍ ഗ്രേവി കറി, ചിക്കന്‍ ബിരിയാണി തുടങ്ങി നിരവധി വെറൈറ്റി വിഭവങ്ങളാണ് മുത്തശ്ശന്റെ മാസ്റ്റര്‍ പീസുകള്‍. വെറൈറ്റി വിഭവങ്ങള്‍ പരീക്ഷിക്കാനാഗ്രഹിക്കുന്നവര്‍ക്ക് മുത്തശ്ശന്റെ റെസിപ്പികള്‍ ട്രൈ ചെയ്യാവുന്നതാണ്.