ഫാസ്റ്റ് ഫുഡ് വിപണി കീഴടക്കുന്ന കാലഘട്ടമാണ് ഇത്. സംസ്‌കാരത്തെയും കടത്തിവെട്ടുന്നതാണ് ജങ്ക് ഫുഡ് സംസ്‌കാരം. ബര്‍ഗറും പിസയും ഫ്രഞ്ച് ഫ്രൈസും എല്ലാം ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ഇപ്പോള്‍ പ്രിയ ഭക്ഷണമാണ്. പരമ്പരാഗതമായി നമ്മള്‍ കഴിക്കുന്ന ഭക്ഷണസാധനങ്ങള്‍ പലപ്പോഴും ലഭ്യമാകാത്ത സാഹചര്യവും ഇപ്പോള്‍ നഗരജീവിതത്തിലുണ്ട്. അങ്ങനെയും ജങ്ക് ഫുഡ് പതിവാക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ ഈ ജങ്ക് ഫുഡ് പ്രേമികള്‍ അല്‍പം കരുതേണ്ടതുണ്ട് എന്നുതന്നെയാണ് വിദഗ്ധരായ ഡയറ്റീഷ്യന്മാര്‍ പറയുന്നത്.
ഫ്രഞ്ച് ഫ്രൈസ് പ്രണയം…
താരതമ്യേന വില കുറവും, രുചിയുടെ കാര്യത്തില്‍ ഗ്യാരണ്ടിയുമുള്ളതിനാല്‍ ജങ്ക് ഫുഡുകളുടെ പട്ടികയില്‍ നിന്ന് ഫ്രഞ്ച് ഫ്രൈസ് കഴിക്കാന്‍ തെരഞ്ഞെടുക്കുന്നവരാണ് അധികവും. എങ്കിലും ഫ്രൈസിനോട് ഭ്രമം മൂത്ത് അതൊഴിവാക്കാന്‍ കഴിയാത്തവരുമുണ്ട്. എന്നാല്‍ മൊരിഞ്ഞിരിക്കുന്നത് തന്നെയാണ് ഫ്രൈസിന്റെ പ്രധാന പ്രശ്നമെന്ന് ഡയറ്റീഷ്യന്മാര്‍ പറയുന്നു.
എണ്ണയില്‍ ‘ഡീപ് ഫ്രൈ’ ചെയ്തെടുക്കുന്നതാണ് ഫ്രഞ്ച് ഫ്രൈസ്. ഇത്തരത്തില്‍ ‘ഡീപ് ഫ്രൈ’ ചെയ്തെടുക്കുന്ന എന്തും കഴിക്കുന്നതില്‍ നിയന്ത്രണം വയ്ക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അങ്ങനെ നോക്കുകയാണെങ്കില്‍ ഒറ്റയടിക്ക് കഴിക്കാവുന്ന ഫ്രഞ്ച് ഫ്രൈസിന് കൃത്യം കണക്ക് പോലുമുണ്ട്. ഒരേയിരിപ്പിന് ആറ് മുതല്‍ പത്ത് പീസ് വരെയേ ഇത് കഴിക്കാവൂ എന്നാണ് ഹാര്‍വാര്‍ഡ് പ്രൊഫസറായ ടി എച്ച് ചാന്‍ പറയുന്നത്. ആറ് പീസ് ഫ്രഞ്ച് ഫ്രൈസും കൂട്ടത്തില്‍ ഒരു സലാഡും ഉണ്ടെങ്കില്‍ അത് ഹെല്‍ത്തി ഡയറ്റായി കണക്കാക്കാമെന്ന് പ്രൊഫസര്‍ പറയുന്നു. അതേസമയം അതില്‍ കൂടുതല്‍ കഴിക്കുമ്പോള്‍ അത് അനാരോഗ്യകരമായ ഡയറ്റാകുമെന്നും അദ്ദേഹം പറയുന്നു.
ഫ്രഞ്ച് ഫ്രൈസ് എന്തുകൊണ്ട് അപകടമാകുന്നു?
ഫ്രഞ്ച് ഫ്രൈസ് ഉരുളക്കിഴങ്ങ് കൊണ്ടാണ് ഉണ്ടാക്കുന്നത്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. എങ്കിലും സ്റ്റാര്‍ച്ചിന്റെയും കാര്‍ബോഹൈഡ്രേറ്റിന്റെയും കാര്യത്തില്‍ ഉരുളക്കിഴങ്ങ് മുന്‍പന്തിയിലാണുള്ളത്. ഇത് ശരീരം വണ്ണം വയ്ക്കുന്നതിന് കാരണമായേക്കും. സ്വാഭാവികമായും മറ്റ് അസുഖങ്ങളിലെത്തിക്കുന്നതിലും ഈ ശീലം പ്രധാന പങ്ക് വഹിക്കും.
എന്നാല്‍ കറി വച്ചോ വെറുതെ വേവിച്ചോ ഉരുളക്കിഴങ്ങ് കഴിക്കുമ്പോള്‍ നേരത്തേ വച്ച നിയന്ത്രണം ബാധകമല്ല. ‘ഡീപ് ഫ്രൈ’ തന്നെയാണ് ഇതിലെ കാര്യം. ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്ത് കഴിക്കുന്നതിന് പകരം മധുരക്കിഴങ്ങ് ഇത്തരത്തില്‍ തയ്യാറാക്കി കഴിക്കാവുന്നതാണെന്നും ഇത് ആരോഗ്യകരമായ പല ഗുണങ്ങളും നല്‍കുമെന്നും ഡയറ്റീഷ്യന്മാര്‍ പറയുന്നു.
Discussion about this post