ബിരിയാണി ഇഷ്ടമില്ലത്തവരായി ആരുമില്ല. രുചിനിറച്ച ചിക്കനും ബീഫും മട്ടനും ബിരിയാണി കഴിച്ചിട്ടുണ്ടെങ്കിലും ഇറച്ചിച്ചോറിന്റെ രുചിയൊന്നു വേറെയാണ്. മട്ടാഞ്ചേരിയിലെ ഹനീഫ് ഇക്കാടെ ഇറച്ചികടയിലെത്തിയാല്‍ ഈ വിഭവങ്ങളുടെ രുചി ആസ്വദിക്കാം. പേരിലെ കൗതുകം കൊണ്ടും രുചിവൈവിധ്യം കൊണ്ടും സൂപ്പര്‍ഹിറ്റായിരിക്കുകയാണ് ഹനീഫിക്കാടെ ഇറച്ചികടയിലെ വിഭവങ്ങള്‍. പോക്കറ്റ് കാലിയാക്കാതെ നല്ല രുചിയുള്ള ഭക്ഷണം കഴിക്കണമെങ്കില്‍ ഹനീഫ് ഇക്കയുടെ ഇറച്ചികടയിലേക്ക് തന്നെ പോകണം.
ഹനീഫ് ഇക്കായുടെ ഇറച്ചിച്ചോറിന്റെ കഥ തുടങ്ങുന്നത് മട്ടാഞ്ചേരിയിലാണ്. എറണാകുളം മട്ടാഞ്ചേരിയിലാണ് ഹോട്ടല്‍ നിലകൊള്ളുന്നത്. ഇറച്ചിച്ചോറിന്റെ രുചിയും പെരുമയും ഉയര്‍ന്നതോടെ ഹോട്ടല്‍ നൂറിയ ഭക്ഷണപ്രേമികളുടെ ഇടയില്‍ കാലക്രമേണേ ഹനീഫ് ഇക്കയുടെ ഇറച്ചികടയായി പുനര്‍ജനിച്ചു.
വിദേശീയരും സ്വദേശീയരുമടക്കം നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്നയിടമാണ് മട്ടാഞ്ചേരി. തിരക്കുകാരണം ഇരിപ്പിടം കിട്ടിയില്ലെങ്കില്‍ കാത്തിരിക്കാനും ഭക്ഷണപ്രേമികള്‍ തയാറാണ്. നെയ്‌ച്ചോറും ബീഫും ചേര്‍ന്ന ഇറച്ചിച്ചോറ് രുചിച്ച് തന്നെയറിയണം. രാവിലെ 11.30ന് തുടങ്ങി വിഭവങ്ങള്‍ തീരുന്നോടം വരെ വിളമ്പും. ഇറച്ചിച്ചോറിനാണ് ഡിമാന്റ് കൂടുതല്‍. തുച്ഛമായ വിലയാണ് ഈടാക്കുന്നതെങ്കിലും ഗുണമേന്മയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഹനീഫ് ഇക്ക തയാറല്ല. രുചിയൂറും വിഭവങ്ങള്‍ ഭക്ഷണപ്രേമികള്‍ക്ക് നല്‍കണമെന്നത് ഹോട്ടലുടമക്ക് നിര്‍ബന്ധമാണ്.
ഹോട്ടല്‍ കാഴ്ചയില്‍ ചെറുതാണെങ്കിലും വിഭവങ്ങളുടെ രുചിയുടെ കാര്യത്തില്‍ ഏറെ മുമ്പിലാണ്. ഇറച്ചിച്ചോറ് കൂടാതെ മലബാര്‍ രുചിനിറഞ്ഞ ചിക്കന്‍ബിരിയാണിക്കും ബീഫ് ബിരിയാണിക്കും ആവശ്യക്കാരെറെയാണ്
വിഭവങ്ങള്‍ തയാറാക്കുന്നതും വിളമ്പുന്നതും ഉള്‍പ്പെടെ ഹോട്ടലിന്റെ നടത്തിപ്പും ഹനീഫ് ഇക്കയും കുടുംബവും ഒരുമിച്ചാണ്. ഹനീഫ് ഇക്കയും മകന്‍ ഷിബുവമാണ് ഹോട്ടല്‍ നടത്തിപ്പുകാര്‍. ഇക്കയുടെ കൈപുണ്യത്തില്‍ പാകപ്പെടുത്തുന്നതാണ് ഇറച്ചിച്ചോറും ബിരിയാണിയും. ബിരിയാണിയുടെയും ഇറച്ചിച്ചോറിന്റെയും രുചിയറിയാനായി ടൂറിസ്റ്റുകള്‍ ഉള്‍പ്പടെ പലരും എത്താറുണ്ട്. കൂട്ടത്തില്‍ പതിവുകാരുമുണ്ട്.
എല്ലാവരെയും അദ്ഭുതപ്പെടുത്തുന്നത് വിഭവങ്ങളുടെ വിലയാണ്. ഇറച്ചിച്ചോറിന് അറുപതുരൂപയും ചിക്കന്‍ബിരിയാണിക്ക് നൂറുരൂപയും ബീഫ് ബിരിയാണിക്ക് തൊണ്ണൂറുമാണ് ഈടാക്കുന്നത്. ഹനീഫ് ഇക്കയുടെ ഇറച്ചികടയിലെത്തിയാല്‍ ന്യായമായ വിലയില്‍ രുചിയൂറും ഭക്ഷണം കഴിച്ച് മടങ്ങാം