സ്വാദിഷ്ടമായ പാവയ്ക്ക കൊണ്ടാട്ടം തയ്യാറാക്കാം…

തീന്‍മേശയില്‍ പപ്പടത്തേപ്പോലെ ചോറിനും കഞ്ഞിക്കുമൊക്കെ രുചിക്കൂട്ടായി കഴിക്കാന്‍ പറ്റിയതാണ് കൊണ്ടാട്ടം. ഉപ്പ് കലര്‍ന്ന കയ്പ് രുചിയോട് കൂടിയ പാവയ്ക്കാ കൊണ്ടാട്ടത്തിന് ആവശ്യക്കാര്‍ ഏറെയാണ്. കൊണ്ടാട്ടം വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കും.

പാവയ്ക്ക കൊണ്ടാട്ടത്തിന് ആവശ്യമുള്ള സാധനങ്ങള്‍:

പാവയ്ക്ക വേണ്ടത്ര
മഞ്ഞള്‍പ്പൊടി, ഉപ്പ് പാകത്തിന്
വെയില്‍ 23 ദിവസത്തേത്

ഉണ്ടാക്കുന്ന വിധം:

പാവയ്ക്ക നന്നായി കഴുകിയശേഷം അധികം കനമില്ലാതെ വട്ടത്തില്‍ അരിഞ്ഞെടുക്കുക(ഉള്ളിലെ മൃദുവായ ഭാഗവും കുരുവുമടക്കം) ഈ കഷ്ണങ്ങളില്‍ പാകത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും (എരിവ് വേണമെങ്കില്‍ കുറച്ച് മുളകുപൊടിയും)പുരട്ടി ഇഡ്ഡലിപാത്രത്തിന്റേയോ അപ്പച്ചെമ്പിന്റേയോ തട്ടില്‍ നിരത്തി ആവിയില്‍ വാട്ടിയെടുക്കുക(പ്രഷര്‍ കുക്കര്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്).

8,10 മിനിട്ടില്‍ കൂടുതല്‍ വേണ്ടിവരില്ല. ഇടക്കു തുറന്ന് പാവയ്ക്കാക്കഷ്ണങ്ങള്‍ ഒന്നിളക്കിക്കൊടുക്കുന്നത് നല്ലതാണ്. കൂട്ടത്തില്‍ ഉപ്പ് പാകമാണോ എന്ന് നോക്കുകയും ചെയ്യാം. ഇനി ഈ കഷ്ണങ്ങള്‍ ഒരു പ്ലാസ്റ്റിക്ക് ഷീറ്റിലോ പായയിലോ മറ്റോ നിരത്തി നല്ല വെയിലത്തുവച്ച് ഉണക്കിയെടുക്കുക. രണ്ടുമൂന്നു ദിവസം കൊണ്ട് നന്നായി ഉണങ്ങി ‘കറുമുറാ’പരുവത്തിലാവും.

കൊണ്ടാട്ടം റെഡിയായിക്കഴിഞ്ഞു. ഇനി ഇത് നല്ല അടപ്പുള്ള ഭരണിയിലോ പാത്രത്തിലോ ആക്കിവച്ചോളൂ. എത്രനാള്‍ വേണമെങ്കിലും കേടാവാതെ ഇരുന്നോളും. കൊണ്ടാട്ടം ആവശ്യത്തിനെടുത്ത് എണ്ണയില്‍ വറുത്ത് ഉപയോഗിക്കാം

Exit mobile version