സ്വാദിഷ്ടമായ ഇല അട ഒന്നു പരീക്ഷിച്ചാലോ? ഇതാ പാചകക്കുറിപ്പ്..

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ഒരുപോലെ ഇഷ്ടമുളളയൊരു പലഹാരമാണ് ഇല അട. വളരെ എളുപ്പത്തില്‍ ഇത് ഉണ്ടാക്കാന്‍ സാധിക്കും അതും വളരെ കുറഞ്ഞ സമയത്തിനുളളില്‍.

ഇതിന് ആവശ്യമായ സാധനങ്ങള്‍:

ശര്‍ക്കര : അരക്കിലോ
തേങ്ങ ചിരകിയത് : 3 മുറി
നേന്ത്രപ്പഴം : 3-4 എണ്ണം (നന്നായി പഴുത്തത്)
ഏലയ്ക്കാപ്പൊടി : 2 സ്പൂണ്‍
ചുക്കുപൊടി : 1 ചെറിയ സ്പൂണ്‍
അരിപ്പൊടി : അരക്കിലോ(കൃത്യമായ കണക്കല്ല)
നെയ്യ് : 2 സ്പൂണ്‍
വാഴയി : ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

ശര്‍ക്കര കുറച്ച് വെള്ളം ഒഴിച്ച് അടുപ്പത്ത് വച്ച് ഉരുക്കി അരിച്ചെടുക്കുക. ഇതില്‍ തേങ്ങ ചിരകിയതും നേന്ത്രപ്പഴം ചെറുതായി നുറുക്കിയതും ചേര്‍ത്ത് അടുപ്പത്ത് വച്ച് തുടരെ ഇളക്കുക(ചുവട് കട്ടിയുള്ള പാത്രമായിരിക്കണം. അല്ലെങ്കില്‍ കരിഞ്ഞു പിടിയ്ക്കും. പണ്ട് ഉരുളിയായിരുന്നു ഉപയോഗിച്ചിരുന്നത്).കുറച്ചു നേരം കഴിയുമ്പോള്‍ വെള്ളം നന്നായി വറ്റി കൂട്ട് ഒരു കുഴഞ്ഞ പരുവത്തിലാവും. ഈ ഘട്ടത്തില്‍ വാങ്ങി വച്ച് ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ചേര്‍ത്തിളക്കുക. ഇങ്ങനെ തയ്യാറാക്കിയ കൂട്ടാണ് താഴെ കാണുന്നത്.

വാഴയില തുടച്ചു വൃത്തിയാക്കി,കഷ്ണങ്ങളായി കീറിയെടുത്ത് തീയ്ക്കു മുകളില്‍ പിടിച്ച് ഒന്നു ചെറുതായി വാട്ടിവയ്ക്കുക.ഇനി, അരിപ്പൊടി നെയ്യും വെള്ളവും ചേര്‍ത്ത് കട്ടിയായി കലക്കുക. (ഏതാണ്ട് ഇഡ്ഡലി മാവിന്റെ പരുവത്തില്‍). ഓരോ കയില്‍ അരിമാവ് ഇലക്കഷ്ണങ്ങളുടെ നടുക്ക് ഒഴിയ്ക്കുക.

ഇലക്കഷ്ണം എടുത്ത് നിവര്‍ത്തി പിടിയ്ക്കുമ്പോള്‍ (പത്രം നിവര്‍ത്തി പിടിയ്ക്കുന്നതുപോലെ) മാവ് സാവധാനം ഒഴുകിപ്പരക്കുന്നത് കാണാം(വളരെ സാവധാനം മാത്രം ഒഴുകുന്ന വിധത്തിലായിരിക്കണം അരിമാവിന്റെ പരുവം. വെള്ളം കൂടിപ്പോയാല്‍ വല്ലാതെ കനം കുറയുമെന്നു മാത്രമല്ല, ഇല മടക്കുമ്പോള്‍ മാവ് പുറത്തേയ്ക്ക് വരുകയും ചെയ്യും) .മാവ് എല്ലാ വശത്തേയ്ക്കും ഒരുപോലെ ഒഴുകിപ്പരക്കാനായി ഇലക്കഷ്ണത്തിന്റെ വശങ്ങള്‍ മാറ്റിമാറ്റി പിടിയ്ക്കുക.

എല്ലാ ഇലക്കഷ്ണങ്ങളും ഇങ്ങനെ തയ്യാറാക്കിയതിനുശേഷം ഓരൊന്നിലും പകുതി ഭാഗത്തായി കൂട്ട് നിരത്തുക പിന്നെ ഇല പകുതിയ്ക്ക് വച്ച് മടക്കുക രണ്ടറ്റവും മടക്കുക തുറന്നിരിക്കുന്ന ബാക്കി വശവും കൂടി മടക്കിയാല്‍(മടക്കിയ ഭാഗം അടിയിലേയ്ക്കായി വയ്ക്കുക. ഇല്ലെങ്കില്‍ മടക്ക് തുറന്നുപോരും)

അടകളെല്ലാം ഇതുപോലെ തയ്യാര്‍ ചെയ്തശേഷം കുക്കറിലോ ഇഡ്ഡ്‌ലലി പാത്രത്തിലോ അടുക്കി വച്ച് ആവിയില്‍ വേവിച്ചെടുക്കുക.അടുക്കുമ്പോള്‍ ആവി എല്ലായിടത്തും എത്തുന്ന വിധത്തില്‍ ഇട വിട്ടു വേണം വയ്ക്കാന്‍. വല്ലാതെ തിക്കി വയ്ക്കരുത്.അട തയ്യാര്‍! ഇനി കഴിയ്ക്കാം.

Exit mobile version