കുട്ടികള്‍ക്കും നോണ്‍വെജ് പ്രിയര്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന ചിക്കന്‍ ചീസ് ബോള്‍ പരീക്ഷിക്കാം.
തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍:
കോഴിയിറച്ചി – അരക്കിലോ
ഉരുളക്കിഴങ്ങ് – അരക്കിലോ
മുട്ടയുടെ വെള്ള – നാലെണ്ണം
വെളുത്തുള്ളി – എട്ട് അല്ലി
ജീരകം – ഒരു ടീസ്പൂണ്‍
വെണ്ണ – ഒരു ടീസ്പൂണ്‍
ബ്രഡ് പൊടിച്ചത് – പാകത്തിന്
കുരുമുളക് പൊടി – ആവശ്യത്തിന്
തയാറാക്കുന്ന വിധം:
കോഴിയിറച്ചിയും ഉപ്പും കുരുമുളകും ചേര്‍ത്ത് വേവിച്ച് മാറ്റിവെയ്ക്കാം. ശേഷം ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കാം. പിന്നീട് വേവിച്ചുവെച്ച കോഴിയിറച്ചിയിലേക്ക് ഉരുളക്കിഴങ്ങ് നന്നായി പൊടിച്ച് ചേര്‍ക്കുക. ഇതിനുശേഷം ചീനച്ചട്ടിയില്‍ വെണ്ണയൊഴിച്ച് കുരുമുളകും ജീരകവും മൂപ്പിച്ചെടുക്കാം. ഉരുളക്കിഴങ്ങ് ചേര്‍ത്ത് കുഴച്ചുവെച്ച കോഴിയിറച്ചി ചീനച്ചട്ടിയിലിട്ട് അല്പം ഇളക്കിയശേഷം വാങ്ങിവെക്കാം.
പിന്നീട് ഇത് ചൂടാറിയ ശേഷം കൈയിലെടുത്ത് ബോള്‍ രൂപത്തിലാക്കി കൈയില്‍വെച്ച് പരത്താം. അതിനകത്തേക്ക് അല്പം വെണ്ണ വെച്ച് വീണ്ടും ഉരുട്ടിയെടുക്കാം. പകരം ചീസും ഉപുയോഗിക്കാം. ഉരുട്ടിയെടുത്ത ഉരുള മുട്ടയുടെ വെള്ളയില്‍ മുക്കി ബ്രഡ് പൊടിയില്‍ ഉരുട്ടിയെടുത്ത് എണ്ണയില്‍ പൊരിച്ചെടുക്കാം. അല്പം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇത് എണ്ണയില്‍നിന്ന് കോരിയെടുക്കാം. നല്ല സ്വാദിഷ്ടമായ ചീസ് ബാള്‍ റെഡി. ടൊമാറ്റോ സോസില്‍ മുക്കി ചെറു ചൂടോടെ കഴിക്കുന്നതാണ് സ്വാദ്.
Discussion about this post