മാംസം കടിച്ചെടുത്ത് എല്ലിനെ തള്ളിക്കളയാന്‍ വരട്ടെ; ഉണ്ടാക്കാം ഇടുക്കിയുടെ സ്‌പെഷ്യല്‍ ‘എല്ലുകറി’!

എല്ല് കൊണ്ട് ഉണ്ടാക്കാം ഇടുക്കിക്കാരുടെ സ്‌പെഷ്യല്‍ എല്ലുകറി.

നാം എല്ലാവരും ഇറച്ചി വിഭവങ്ങള്‍ കഴിക്കുന്നവരാണ്. ചിക്കനിലായാലും ബീഫിലായാലും പൊതുവെ പ്രിയം എല്ല് കഷണങ്ങളോട് ആയിരിക്കും. എന്നാല്‍ മാംസം കഴിച്ച ശേഷം എല്ലുകള്‍ മാറ്റി വെയ്ക്കുകയാണ് പതിവ്. പക്ഷേ ഇനി അങ്ങനെ എല്ല് മാറ്റി വെയ്‌ക്കേണ്ട. എല്ല് കൊണ്ട് ഉണ്ടാക്കാം ഇടുക്കിക്കാരുടെ സ്‌പെഷ്യല്‍ എല്ലുകറി. രുചിക്കൂട്ട് അന്വേഷിച്ച് വിഷമിക്കേണ്ട, ഇതാ നല്ല കിടുക്കന്‍ എല്ല് കറി ഉണ്ടാക്കാനുള്ള കൂട്ടുകളും, തയ്യാറാക്കേണ്ട വിധവും!

ചേരുവകള്‍:

ബീഫ് എല്ല് ( വാരിയെല്ലും മുഴനെഞ്ചും) – അര കിലോ

മഞ്ഞള്‍പൊടി – ഒരു ടീസ്പൂണ്‍ ഉപ്പ് -ആവശ്യത്തിന്

സവാള – 2 എണ്ണം

പച്ചമുളക് – 2 എണ്ണം

ഇഞ്ചി – ഒരു ചെറിയ കഷ്ണം

വെളുത്തുള്ളി – 5 എണ്ണം

മീറ്റ് മസാല – ഒരു ടീസ്പൂണ്‍

മുളകുപൊടി – ഒന്നര ടീസ്പൂണ്‍

മല്ലിപ്പൊടി – 2 ടീസ്പൂണ്‍

തേങ്ങ – ഒരു മുറി

വെളിച്ചെണ്ണ – 2 ടീസ്പൂണ്‍

പെരുംജീരകം – ഒരു ടീസ്പൂണ്‍

കറിവേപ്പില – 2 തണ്ട്

കടുക് – ഒടു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം;

പോത്തിന്റെ വാരിയെല്ലും മുഴനെഞ്ചും ചെറുതാക്കിയ ശേഷം നന്നായി കഴുകി ആവശ്യത്തിന് ഉപ്പും മഞ്ഞപ്പൊടിയും ചേര്‍ത്ത് കുക്കറിലിട്ട് വേവിച്ചെടുത്ത് മാറ്റിവെയ്ക്കുക. പാനില്‍ വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിച്ചതിനുശേഷം ചെറുതായി അരി വെച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നന്നായി മൂപ്പിച്ചെടുക്കുക. അതിലേക്ക് മീറ്റ് മസാല, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക.

ഒരു മുറി തേങ്ങ വെളിച്ചെണ്ണയില്‍ പെരുംജീരകവും മുളകുപൊടിയും ചേര്‍ത്ത് വറുത്തെടുത്ത് ചൂടാറിയ ശേഷം മിക്സിയില്‍ അരച്ചെടുക്കുക. ഈ അരപ്പ് മസാലക്കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. അതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് പത്തുമിനിറ്റോളം അടച്ചുവെച്ച് വേവിച്ചെടുക്കുക. അവസാനം വെളിച്ചെണ്ണയും കറിവേപ്പിലയും കൂടി താളിച്ച് അടുപ്പില്‍ നിന്നും ചൂടോടെ വാങ്ങിവെയ്ക്കാം.

Exit mobile version