മീന്‍ പൊള്ളിച്ചത് ഇഷ്ടമില്ലാത്തവര്‍ വിരളമാണ്. മീനിനൊപ്പം രുചിക്കാവുന്ന വാഴയിലയുടെ മണം കൂടിയാകുമ്പോള്‍ സ്വാദ് ഇരട്ടിയാകും. അങ്ങനെയെങ്കില്‍ ഒന്നു മീന്‍ പൊള്ളിച്ചു നോക്കിയാലോ…
ചേരുവകള്‍;
നെയ്മീന്‍ – 1കി.ഗ്രാം
ഇഞ്ചി – ഒരു വലിയ കഷ്ണം 3
വെളുത്തുള്ളി – 4 അല്ലി
പച്ചമുളക് – 6 എണ്ണം
കുരുമുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി – കാല്‍ ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
സവാള – 3 എണ്ണം (വലുത്)
ചെറിയ ഉള്ളി – 1 കി.ഗ്രാം
എണ്ണ – വറുക്കാന്‍ പാകത്തിന്
വാഴയില – 12 കഷ്ണങ്ങളാക്കിയത്
പാകം ചെയ്യുന്ന വിധം :
മീന്‍ നന്നായി കഴുകി രണ്ടു മുതല്‍ ഏഴു വരെയുള്ള ചേരുവകള്‍ അരച്ചെടുത്തു അതില്‍ ഒരു നാരങ്ങയുടെ നീര് ചേര്‍ത്ത് കുഴച്ചു മീന്‍ കഷ്ണങ്ങളില്‍ ചേര്‍ത്ത് പിടിപ്പിച്ച് ഒരു മണിക്കൂര്‍ മാറ്റി വയ്ക്കുക . സവാള, ചെറിയ ഉള്ളി, രണ്ട് അല്ലി വെളുത്തുള്ളി എന്നിവ അരിഞ്ഞത് വഴറ്റി ഗോള്‍ഡന്‍ നിറമാകുമ്പോള്‍ 2 ടേബിള്‍ സ്പൂണ്‍ മുളകുപൊടി കാല്‍ ടീസ്പൂണ്‍ കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് വഴറ്റി മാറ്റി വയ്ക്കുക . ഇനി മസാല ചേര്‍ത്ത മീന്‍ കഷ്ണങ്ങള്‍ അല്പം അരിപ്പൊടിയില്‍ മുക്കി ഫ്രൈ പാനില്‍ ചെറിയ തോതില്‍ വറുത്തെടുക്കുക. വാഴയിലയില്‍ മസാല വച്ച് മീന്‍ കഷ്ണം അതിന്മേല്‍ വച്ച് അതിന്റെ മുകളില്‍ വീണ്ടും മസാല വച്ച് പൊതിഞ്ഞു വാഴ നാര് കൊണ്ട് കെട്ടി ഫ്രൈ പാനില്‍ വച്ച് ചൂടാക്കുക . രുചികരമായ മീന്‍ പൊള്ളിച്ചത് തയാര്‍.