എക്കാലത്തും മലയാളികളുടെ ഇഷ്ട ഭക്ഷണവിഭവങ്ങളിലൊന്നാണ് ചമ്മന്തി. ചോറ്, കഞ്ഞി, കപ്പ തുടങ്ങി ഒട്ടുമിക്ക ആഹാരത്തിനൊപ്പവും കഴിക്കാന്‍ കഴിയുന്ന ചമ്മന്തി ഒരു ശരാശരി മലയാളിയുടെ വീട്ടില്‍ എന്നും തയ്യാറാക്കുന്ന വിഭവം കൂടിയാണ്. എളുപ്പത്തില്‍ തയ്യാറാക്കുന്ന വിഭവം എന്നതിലുപരി സ്വാദേറെയുള്ള ഒന്നുകൂടിയാണ് ചമ്മന്തി.
പലവിധത്തില്‍ നമുക്ക് ചമ്മന്തി തയ്യാറാക്കാം. അതില്‍ ഒന്നാണ് തേങ്ങ വറുത്തരച്ച് ഒണക്കച്ചെമ്മീനിട്ട് അരച്ചെടുക്കുന്ന ചമ്മന്തി. രണ്ട് തവി ചോറ് കൂടുതല്‍ കഴിക്കാന്‍ ഈ ഒരൊറ്റ വിഭവം മാത്രം മതിയാവും. തയ്യാറാക്കുന്ന വിധം എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍
നാളികേരം ചിരവിയത് – കാല് മുറി
ഉണക്ക ചെമ്മീന്‍ – ഒരു ചെറിയ കപ്പ് നിറയെ
ചെറിയ ഉള്ളി – 4
വെളുത്തുള്ളി – 2
ഇഞ്ചി – ഒരു കുഞ്ഞു കഷ്ണം
പച്ചമുളക് – രണ്ടെണ്ണം
വറ്റല്‍ മുളക് – 4
പുളി – ആവശ്യത്തിന്
ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന്
ഉഴുന്ന് – കാല് സ്പൂണ്‍
മഞ്ഞള്‍പൊടി – നുള്ള്
തയ്യാറാക്കുന്ന വിധം
ആദ്യം ഉണക്കച്ചെമ്മീന്‍ കഴുകി വൃത്തിയാക്കി ചട്ടിയില്‍ വറുത്തെടുക്കുക. ഇത് മാറ്റി വെച്ച ശേഷം വറ്റല്‍ മുളകും വറുത്തെടുക്കുക. പിന്നീട് ഇതേ ചട്ടിയില്‍ ചിരവി വെച്ച നാളികേരവും ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ഉഴുന്ന്, വേപ്പില എന്നിവയും ഇളം ബ്രൗണ്‍ നിറമാകുന്നത് വരെ വറുക്കുക. ഇതിലേക്ക് ആവശ്യത്തിന് മഞ്ഞള്‍ പൊടി ചേര്‍ക്കണം.
പിന്നീട് വറുത്ത ഉണക്ക ചെമ്മീന്‍, നാളികേരം, വറ്റല്‍ മുളക്, ഉപ്പ്, പുളി എന്നിവ ഒന്നിച്ച് ചേര്‍ത്ത് അല്‍പ്പം വെള്ളം ചേര്‍ത്ത് അമ്മിയില്‍ അരച്ചെടുക്കാം.