നാലു മണി പലഹാരമായും മസാലകറിയായും ഉപയോഗിക്കാവുന്ന ഒന്നാണ് കോളിഫ്‌ലവര്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന കോളിഫ്‌ളവര്‍ ഫ്രൈ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍
കോളിഫ്‌ളവര്‍ – 1 ഇടത്തരം വലുപ്പത്തില്‍ അരിഞ്ഞത്
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
കാശ്മിരി മുളകുപൊടി – 2 ടീസ്പൂണ്‍
കടലപ്പൊടി – 4 ടീസ്പൂണ്‍
വിനാഗിരി – 1 ടീസ്പൂണ്‍
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
മുട്ട – 1 (വേണമെങ്കില്‍)
മല്ലിയില – ആവശ്യത്തിന് ചെറുതായി അരിഞ്ഞത്
തയാറാക്കുന്ന വിധം
ഇടത്തരം വലുപ്പത്തില്‍ അരിഞ്ഞ് വെച്ചിരിക്കുന്ന കോളിഫ്‌ളവറില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് 2-5 മിനിറ്റ് ചൂടുവെള്ളത്തില്‍ ഇട്ട് വച്ച ശേഷം പച്ച വെള്ളത്തില്‍ കഴുകി വെള്ളം വാര്‍ന്ന് പോകാന്‍ ഇടുക. തുടര്‍ന്ന് ഒരു പാത്രത്തില്‍ കാല്‍ സ്പീണ്‍ മഞ്ഞള്‍പൊടി, രണ്ട് സ്പൂണ്‍ കാശ്മീരി മുളക്‌പൊടി, നാല് സ്പൂണ്‍ കടലമാവ്, ഒരു സ്പൂണ്‍ വിനാഗിരി, കുറച്ച് വെള്ളവും ആവശ്യത്തിന് ഉപ്പും ഇട്ട് കുഴമ്പ് രൂപത്തിലാക്കി വെക്കുക. ശേഷം കഴുകി വെച്ചിരിക്കുന്ന കോളിഫ്‌ളവര്‍ ഇട്ട് നന്നായി കുഴയ്ക്കുക.
മസാല പിടിക്കാന്‍ ഒരു മണിക്കൂര്‍ വെക്കുന്നത് രുചി കൂടും. വെള്ളത്തിന് പകരം വേണമെങ്കില്‍ ഒരു മുട്ട പൊട്ടിച്ച് ചേര്‍ക്കാം. ശേഷം ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. നന്നായി ചൂടായി വരുമ്പോള്‍ എടുത്ത് വെച്ചിരിക്കുന്ന കോളിഫ്‌ളവര്‍ ഇട്ട് വറുത്തെടുക്കാം. തീ കൂട്ടി വെച്ച് ഫ്രൈ ചെയ്യുക. ശേഷം ചൂടോടെ സോസും മണത്തിന് കുറച്ച് മല്ലിയില ചേര്‍ത്ത് വിളമ്പാം.
Discussion about this post