മീന്‍ കറി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നാവിയില്‍ വെള്ളമൂറും. പല തരത്തിലും മീന്‍ കറി തയ്യാറാക്കാം. മുളകിട്ട് വറ്റിച്ചത്. വറുത്ത് അരച്ച മീന്‍കറി, നാടന്‍ മീന്‍ കറി അങ്ങനെ പലതും. ഇന്ന് വളരെ എളുപ്പത്തിലും വേഗത്തിലും ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സ്‌പെഷല്‍ മീന്‍ കറിയാണ് പരിചയപ്പെടുത്തുന്നത്. തേങ്ങാപാലില്‍ മുളകിട്ട് വറ്റിച്ച മീന്‍ കറി. ആദ്യം വേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മീന്‍ -അര കിലോ
കാശ്മീരി മുളകുപൊടി -2 ടേബിള്‍ സ്പൂണ്‍
മുളക് പൊടി -അര സ്പൂണ്‍
അല്പം മഞ്ഞള്‍ പൊടി -ഒരു നുള്ള്
കുടം പുളി -ഒരു ചെറിയ കഷ്ണം
ഇഞ്ചി -ഒരു ചെറിയ കഷ്ണം
തേങ്ങ പാല്‍ – ഒരു കപ്പ്
വെളുത്തുള്ളി -6 പീസ്
ചെറിയ ഉള്ളി -6 എണ്ണം
കറിവേപ്പില -ആവശ്യത്തിന്
ഉലുവ -അര ടേബിള്‍ സ്പൂണ്‍
കടുക് -അര ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ -3 ടേബിള്‍ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
മണ്‍ചട്ടിയില്‍ വെളിച്ചെള്ള ഒഴിച്ച് ചൂടാകുമ്പോള്‍ ഉലുവയും കടുകും പൊട്ടിക്കുക. ശേഷം ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും ചെറുതായി ചതച്ചിടുക. ഇത് മൂത്ത് വരുമ്പോള്‍ തീ കുറച്ച് കാശ്മീരി മുളകുപൊടി 2 ടേബിള്‍ സ്പൂണ്‍, മുളക് പൊടി അര സ്പൂണ്‍, അല്പം മഞ്ഞള്‍ പൊടിയും ഇട്ട് മൂപ്പിക്കുക. ശേഷം ചൂടുവെള്ളത്തില്‍ നേരത്തെ എടുത്ത് വെച്ചിരിക്കുന്ന കുടം പുളി ചേര്‍ക്കുക.
തുടര്‍ന്ന് തീ കൂട്ടി വെച്ച് തിളയ്ക്കുന്നത് വരെ അടച്ച് വെയ്ക്കാം. പിന്നീട് നന്നായി ഇളക്കിയ ശേഷം കഴുകി വൃത്തിയാക്കി വെച്ച മീനും കറിവേപ്പിലയും പാകത്തിന് ഉപ്പും ഇട്ട് അടച്ച് വെക്കാം. തുടര്‍ന്ന് വെള്ളം ഒരു വിധം നന്നായി വറ്റി വരുമ്പോള്‍ തേങ്ങ പാല്‍ ഒഴിച്ച് അടച്ച് വെക്കുക. തീ കൂട്ടി വെച്ച് നന്നായി വറ്റി വരുമ്പോള്‍ തീ അണയ്ക്കാം. അടുപ്പില്‍ നിന്ന് ചട്ടി മാറ്റിയ ശേഷം വേണമെങ്കില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അടച്ചു വെക്കാം.
Discussion about this post