പ്രണയത്തിന് കണ്ണില്ല എന്ന് പറയാറുണ്ട്. ഒരാള്‍ക്ക് ഒരാളോട് പ്രണയം തോന്നുന്നതിന് കാരണങ്ങള്‍ പലതാവും. അത് തികച്ചും അയാളെ മാത്രം ബാധിക്കുന്ന കാര്യവുമാണ്. അതുകൊണ്ട് തന്നെ ആളുകള്‍ തങ്ങളുടെ പങ്കാളികളെ തിരഞ്ഞെടുക്കുന്നതില്‍ അഭിപ്രായം പറയാന്‍ നമ്മളാളല്ല. എങ്കിലും മനുഷ്യര്‍ക്ക് വിചിത്രമെന്ന് തോന്നുന്ന ചില പ്രണയകഥളുണ്ട് ലോകത്ത്. മരത്തെ, മതിലിനെ എന്തിന് ഐഫല്‍ ടവറിനെ വരെ പ്രണയിച്ച് വിവാഹം കഴിച്ചവര്‍… അവരില്‍ ചിലരുടെ കഥകളിതാ..
അമാന്‍ഡ – അലങ്കാര വിളക്കുകളുടെ പ്രണയിനി
2017ലെ വാലന്റൈന്‍സ് ഡേയിലാണ് അമാന്‍ഡ ലിബര്‍ട്ടി തന്റെ ഇഷ്ടം ലൂമിയറിനോട് തുറന്നു പറയുന്നത്. ഒരുപാട് നാള്‍ മനസ്സില്‍ സൂക്ഷിച്ചെങ്കിലും തന്റെ ആത്മാര്‍ഥ പ്രണയം ലൂമിയര്‍ ഒരിക്കലും തള്ളിക്കളയില്ല എന്ന് അമാന്‍ഡയ്ക്കുറപ്പായിരുന്നു. ഇതിന് പിന്നിലെ കാരണമെന്തെന്നാല്‍ ലൂമിയര്‍ ഒരു അലങ്കാര വിളക്കാണ്.
ലൂമിയറിന്റെ വശ്യമായ ഭംഗി കൂടാതെ അവളുടെ പ്രസരിപ്പും തന്നെ ഏറെ ആകര്‍ഷിച്ചുവെന്ന് അമാന്‍ഡ പറയുന്നു. അങ്ങനെയാണ് എന്ത് വില കൊടുത്തും വിളക്ക് സ്വന്തമാക്കണമെന്ന് അമാന്‍ഡ തീരുമാനിക്കുന്നതത്രേ. ലൂമിയറിനെ എത്ര കൊഞ്ചിച്ചാലും സ്‌നേഹിച്ചാലും തനിക്ക് മതിയാവില്ലെന്നാണ് അമാന്‍ഡ കൂട്ടിച്ചേര്‍ക്കുന്നത്. ഇബെയില്‍ കണ്ട ദിവസം തന്നെ താന്‍ ലൂമിയറുമായി പ്രണയത്തിലാവുകയായിരുന്നു എന്നാണ് അമാന്‍ഡ പറയുന്നത്. 30 ഇഞ്ച് നീളമുള്ള ഈ പുരാതന വിളക്ക് അമാന്‍ഡ ജര്‍മനിയില്‍ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് വീട്ടിലെത്തിച്ചത്.
പ്രണയം എന്നത് ആരോട് വേണമെങ്കിലും തോന്നാവുന്ന ഒരു വികാരമാണെന്നും ഒരിക്കല്‍ പ്രണയിച്ച് തുടങ്ങിയാല്‍ പിന്നെ നിങ്ങള്‍ക്കത് നിര്‍ത്താനാവില്ലെന്നും അമാന്‍ഡ പറയുന്നു. എന്നാല്‍ ഇത്രയൊക്കെ പ്രണയം ലൂമിയറിനോടുണ്ടെങ്കിലും അമാന്‍ഡയുടെ ഏക പ്രണയമൊന്നുമല്ല ലൂമിയര്‍. ലൂമിയറുള്‍പ്പടെ 25 അലങ്കാര വിളക്കുകളുടെ ഏക പ്രണയിനിയാണ് അമാന്‍ഡ. എന്നാലിവര്‍ക്കാര്‍ക്കും പരസ്പരം അസൂയയോ കുശുമ്പോ ഒന്നുമില്ലെല്ലെന്നാണ് അാന്‍ഡയുടെ വാദം.
അലങ്കാര വിളക്കുകള്‍ക്ക് മുമ്പേയും പല വസ്തുക്കളോടും അമാന്‍ഡയ്ക്ക് പ്രണയമുണ്ടായിട്ടുണ്ട്. പതിനാല് വയസ്സില്‍ ഒരു ഡ്രംസ് സെറ്റിനോടായിരുന്നു അമാന്‍ഡയുടെ ആദ്യ പ്രണയം. പിന്നീടിത് സ്റ്റ്യാച്യൂ ഓഫ് ലിബര്‍ട്ടിയോടായി. ഇതിനോടുള്ള പ്രണയം മൂലം 2010ല്‍ തന്റെ പേരിന്റെ അവസാനം ലിബര്‍ട്ടി എന്നാക്കി മാറ്റുകയും ചെയ്തു അമാന്‍ഡ. എന്നാല്‍ സ്റ്റാച്യൂ കാണാന്‍ ന്യൂയോര്‍ക്ക് വരെ പോകേണ്ട അവസ്ഥ വന്നപ്പോള്‍ ആ ബന്ധം തകര്‍ന്നു. എങ്കിലും ആറ് തവണ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി കാണാന്‍ മാത്രം അമാന്‍ഡ ന്യൂയോര്‍ക്കില്‍ പോയിട്ടുണ്ട്.
മരത്തെ വിവാഹം കഴിച്ച കേറ്റ്
ഇംഗ്ലണ്ട് സ്വദേശിനിയായ കേറ്റ് കണ്ണിംഗ്ഹാം റോസ് വാലി കണ്‍ട്രി പാര്‍ക്കിലുള്ള ഒരു മരത്തെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ആഴ്ചയില്‍ അഞ്ച് തവണ കേറ്റ് തന്റെ പങ്കാളിയെ കാണാനെത്തും. ക്രിസ്മസിന് മരം ഭംഗിയായി അലങ്കരിക്കുകയും ചെയ്യും.
കാര്യം മരത്തിനോട് വലിയ സ്‌നേഹമൊക്കെയാണെങ്കിലും കേറ്റിന് ഒരു കാമുകനുണ്ട്. അയാള്‍ക്ക് കേറ്റിന്റെ ഈ ബന്ധത്തിനോട് യാതൊരു കുഴപ്പവുമില്ല. പലപ്പോഴും കേറ്റ് മരത്തെ കാണാന്‍ വരുമ്പോള്‍ കാമുകനും കൂടെക്കാണും. കേറ്റ് മരത്തെ ചുംബിക്കുന്നതും ആശ്ലേഷിക്കുന്നതുമൊക്കെ അയാള്‍ കൗതുകത്തോടെ നോക്കി നില്‍ക്കും.
കേറ്റിന്റെ പ്രവര്‍ത്തിക്ക് പിന്നില്‍ വലിയൊരു ഉദ്ദേശം കൂടിയുണ്ട്. അനധികൃത മരംമുറിക്കലിനും നിലംനികത്തലിനും എതിരെ ബോധവത്കരണം നടത്തുന്നതിന് വേണ്ടിയാണ് കേറ്റ് മരത്തെ വിവാഹം ചെയ്തത്. റിംറോസ് വാലി കണ്‍ട്രി പാര്‍ക്കിനെ ഒരു ബൈപാസാക്കി മാറ്റാന്‍ ഹൈവേ ഇംഗ്ലണ്ട് പദ്ധതിയിട്ടിരുന്നു. അതില്‍ നിന്ന് മരങ്ങളെ സംരക്ഷിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായിരുന്നു വിവാഹം. കേറ്റിനെ കൂടാതെ വേറെയും വനിതാ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ മരത്തെ വിവാഹം കഴിച്ചിട്ടുണ്ട്.
ബര്‍ലിന്‍ മതിലിന്റെ സ്വന്തം എയ്ജ
എയ്ജ റിത്ത ബെര്‍ലിനര്‍ മോറര്‍ എന്ന സ്വീഡന്‍കാരിയുടെ പേരിലെ ബെര്‍ലിന്‍ കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും വെറുതേ തോന്നിയേക്കാം ജര്‍മനിയിലെ ബര്‍ലിന്‍ മതിലിനോടുള്ള ഇഷ്ടം കൊണ്ടാണോ പേരിലെ ബെര്‍ലിന്‍ എന്ന്. അങ്ങനെ ചിന്തിക്കുന്നവരോട് അതെ എന്ന് മാത്രമല്ല, താന്‍ വിവാഹം ചെയ്തിരിക്കുന്നത് സാക്ഷാല്‍ ബെര്‍ലിന്‍ മതിലിനെയാണെന്നും റിത്ത ഉത്തരം പറയും. 1979ലായിരുന്നു റിത്തയും ബെര്‍ലിനുമായുള്ള വിവാഹം. വിവാഹത്തിന് പ്രതിജ്ഞയെടുക്കാന്‍ മതിലിന് ഒരു ആനിമേറ്ററെ വരെ റിത്ത ഏര്‍പ്പാടാക്കിയിരുന്നു.
വടക്കൻ സ്വീഡനിലെ സണ്ട്സ്വാളിനടുത്തുള്ള ലിഡനിൽ നിന്നുള്ളതാണ് എയ്ജ. പടിഞ്ഞാറും കിഴക്കൻ ബെർലിനും തമ്മിലുള്ള വിഭജന മതിലിൽ എല്ലായ്പ്പോഴും ആകൃഷ്ടയായിരുന്ന എയ്ജ മതിലിനോട് പലപ്പോഴും സംസാരിക്കുമായിരുന്നു. ‘വിവാഹം’ കഴിഞ്ഞതു മുതൽ പേരിനൊപ്പം മതിലിന്‍റെ പേര് കൂടി ചേര്‍ത്താണ് എയ്ജ തന്നെ വിശേഷിപ്പിച്ചിരുന്നത്.
ദാമ്പത്യം ആഘോഷിക്കാനുള്ള തീരുമാനത്തെക്കുറിച്ച് എയ്ജ പറഞ്ഞത് ഇങ്ങനെയാണ്, ‘ബെര്‍ലിന്‍ മതില്‍ എക്കാലത്തെയും ഏറ്റവും സെക്സിയായ മതിലാണ്’. ബെർലിനിലെ ‘വിവാഹ’ -ത്തിന് ശേഷം എയ്ജ വീണ്ടും ലിഡനിലേക്ക് താമസം മാറി. 1989 നവംബർ ഒമ്പതിന് ബെര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെട്ട വാര്‍ത്തയറിഞ്ഞ് എയ്ജ തകര്‍ന്നുപോയി. അന്നു മുതല്‍ അവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത് വിധവ എന്നാണ്. 2015 ഒക്ടോബര്‍ 31 -നാണ് എയ്ജ മരിക്കുന്നത്.
2008 -ലെ അഞ്ചാം ബെർലിൻ ബിനാലെയിലെ ‘ബെർലിൻമുറെൻ’ എന്ന സിനിമ എയ്ജിന്റെ ജീവിതത്തെ അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവന്നു. ആ സിനിമ എയ്ജിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരുന്നത്. നോർവീജിയൻ ആർട്ടിസ്റ്റ് ലാർസ് ലോമാനാണ് ‘ബെർലിൻമുറേൻ’ എന്ന ചിത്രം എയ്ജയ്ക്ക് സമർപ്പിച്ചത്. ഇത് അഞ്ചാമത് ബെര്‍ലിന്‍ ബിനാലെ ഫോര്‍ കണ്ടംപററി ആര്‍ട്ട് വിഭാഗത്തില്‍, പ്രത്യേകം നിർമ്മിച്ച പവലിയനിൽ പ്രദർശിപ്പിച്ചു.
ഫോണിനെ പ്രേമിച്ച മനുഷ്യന്‍
ലോസ് ഏഞ്ചൽസ് ചലച്ചിത്ര നിർമ്മാതാവ് ആരോൺ ചെർവെനാക്ക് പറയുന്നത് ആളുകൾക്ക് അവരുടെ സ്മാർട്ട് ഫോണുമായി വൈകാരികമായ അടുപ്പവും പ്രണയവും സൂക്ഷിക്കാമെന്നാണ്. അതിനാൽ മാതാപിതാക്കൾ ഒരു കാമുകിയെ കണ്ടെത്താൻ പറഞ്ഞപ്പോൾ അദ്ദേഹം കണ്ടെത്തിയത് തന്റെ ഫോണിനെയാണ്.
അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ, “നമ്മൾ നമ്മോട് തന്നെ സത്യസന്ധത പുലർത്തുകയാണെങ്കിൽ, നാം നമ്മുടെ ഫോണുകളുമായി നിരവധി വൈകാരിക തലങ്ങളിൽ കണക്റ്റു ചെയ്യപ്പെടുന്നു. ആശ്വാസത്തിനും, ശാന്തതയ്ക്കും, ഉറങ്ങാനും, മനസ്സിന് ആശ്വാസം പകരാനും എല്ലാം അതുപയോഗിക്കുന്നു. ഒരർത്ഥത്തിൽ, എന്റെ സ്മാർട്ട്‌ഫോണാണ് എന്റെ ഏറ്റവും നീണ്ട ബന്ധം.”
ഐഫല്‍ ടവറിനെ വിവാഹം ചെയ്ത എറിക
മരത്തെയും മതിലിനെയുമൊക്ക വിവാഹം ചെയ്തത് പോലെ തന്നെ ലോകത്തെ പ്രണയിതാക്കളുടെയാകെ മനം കവരുന്ന ഐഫല്‍ ടവറിനെ വിവാഹം ചെയ്ത ആളുകളുമുണ്ട്. എറിക ഐഫല്‍ എന്ന യുവതിയാണ് 2007ല്‍ ഐഫല്‍ ടവറിനെ വിവാഹം ചെയ്തത്. ഇതേത്തുടര്‍ന്ന് ഇവര്‍ ഒരുപാട് കാലം ടോക്ക് ഷോകളിലെ സ്ഥിര സാന്നിധ്യമായിരുന്നു. ഐഫലിനെ വിവാഹം ചെയ്തതിന് ശേഷമാണ് തന്റെ പേര് എറിക ഐഫല്‍ എന്നവര്‍ മാറ്റുന്നത്.
ആദ്യമായി കണ്ട നിമിഷം മുതല്‍ ഐഫല്‍ തന്റെ മനസ്സില്‍ കയറിപ്പറ്റിയിരുന്നു എന്നായിരുന്നു വിവാഹശേഷം ഉയര്‍ന്ന ചോദ്യങ്ങള്‍ക്കെല്ലാം എറികയുടെ പ്രതികരണം. ഐഫല്‍ ടവര്‍ കൂടാതെ ജാപ്പനീസ് വാള്‍, ഫൈറ്റര്‍ ജെറ്റ് എന്നിവയോടൊക്കെ എറിക്കയ്ക്ക് പ്രണയം തോന്നിയിട്ടുണ്ട്. ഐഫലുമായി പ്രണയത്തിലാവുന്നതിന് മുമ്പ് എയ്ജയെ പോലെ ബര്‍ലിന്‍ മതിലിനോടായിരുന്നു എറിക്കയ്ക്ക് പ്രണയം.
സ്റ്റീം എഞ്ചിന്റെ പങ്കാളി ജോക്കിം
ജോക്കിം എ ഒരു റിപ്പയർ മാൻ ആയി ജോലി ചെയ്യുകയാണ്. അദ്ദേഹത്തിന്റെ പങ്കാളി ആരാണ് എന്നോ, ഒരു സ്റ്റീം ലോക്കോമോട്ടീവ്. “ഒരു തകർന്ന റേഡിയേറ്ററിൽ നിന്ന് ഒരു പ്രണയബന്ധം വളരെ നന്നായി തുടങ്ങും” എന്നാണ് ജോക്കിം പറയുന്നത്. അറ്റകുറ്റപ്പണികൾ അവരെ കൂടുതൽ അടുപ്പിക്കും എന്നും. തനിക്ക് 12 വയസ്സുള്ളപ്പോൾ തന്നെ വസ്തുക്കളോട് തനിക്ക് പ്രത്യേകം ഇഷ്ടമുള്ളതായി അദ്ദേഹം മനസിലാക്കിയിരുന്നു. അദ്ദേഹത്തിന് ഇപ്പോൾ 45 വയസ്സുണ്ട്. ഒരു വ്യക്തിയെപ്പോലെ തന്നെയാണ് അദ്ദേഹം തന്റെ ട്രെയിനിനെ സ്നേഹിക്കുന്നത്
എന്തുകൊണ്ട് ഇത്തരം പ്രണയങ്ങള്‍ ?
ജീവനില്ലാത്ത വസ്തുക്കളോട് തോന്നുന്ന പ്രണയത്തിന് ഒബ്ജക്ടം സെക്ഷ്വാലിറ്റി എന്നാണ് പേര്. 1979ല്‍ ബര്‍ലിന്‍ മതിലിനെ വിവാഹം ചെയ്ത എയ്ജയാണ് ലോകമറിഞ്ഞ ആദ്യ ഒബ്ജക്ടം സെക്ഷ്വല്‍. എറികയെയും എയ്ജയെയുമൊക്ക പോലെ മതിലിനോടും മിനാരങ്ങളോടുമൊക്കെ അടങ്ങാത്ത പ്രണയം തോന്നുന്നവര്‍ ലോകത്തിന്റെ പലയിടങ്ങളിലുമുണ്ട്. ചുറ്റുമുള്ള എല്ലാ വസ്തുക്കള്‍ക്കും ജീവനും ആത്മാവുമുണ്ട് എന്ന തോന്നലിലുണ്ടാവുന്ന ഒരു തരം വികാരമാണ് ഒബ്ജക്ടം സെക്ഷ്വാലിറ്റി. ഇതിനെ ഒബ്ജക്ടോഫിലിയ എന്നും വിശേഷിപ്പിക്കാറുണ്ട്. ഇത് ഒരു മാനസിക രോഗമല്ല.