ബോണ്‍സായ് ചെടികള്‍ കാഴ്ചയ്ക്ക് എന്നും ഭംഗിയാണ്. പല വന്‍ വൃക്ഷങ്ങളുടെയും ബോണ്‍സായ് പതിപ്പുകള്‍ വീട്ടുമുറ്റത്തും വീടിന്റെ അകത്തളങ്ങളില്‍ പോലും വളര്‍ത്തുന്നത് ഒരു ശീലമെന്നോണം രൂപപ്പെട്ട് വരുന്നുണ്ട് നമ്മുടെ നാട്ടില്‍. അത്തരമൊരു ബോണ്‍സായ് പ്രേമി, തന്റെ ബോണ്‍സായ് ശേഖരം കൊണ്ട് സൃഷ്ടിച്ച ചെറുവനത്തെപ്പറ്റിയാകട്ടെ ഈ പരിസ്ഥിതി ദിനത്തിലെ ചര്‍ച്ച.
മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയായ സോഹന്‍ലാല്‍ ദ്വിവേദിയാണ് ബോണ്‍സായ് കഴിഞ്ഞാല്‍ ഈ കഥയിലെ പ്രധാന കഥാപാത്രം.റിട്ട: ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥനായ ഇദ്ദേഹം തന്റെ വീടിന്റെ ടെറസിലാണ് ‘കുട്ടിച്ചെടികള്‍’ കൊണ്ട് കാടൊരുക്കിയിരിക്കുന്നത്. നാല്പതോളം വൃക്ഷങ്ങളുടെ 2500 ബോണ്‍സായ് ചെടികളാണ് ദ്വിവേദിയുടെ ശേഖരത്തിലുള്ളത്. ആപ്പിള്‍,ഓറഞ്ച്,സിക്കമോര്‍,ജാമുന്‍,മാതളം,പുളി തുടങ്ങിയവയാണ് കാടിനുള്ളിലെ പ്രധാനികള്‍.
നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്രത്തില്‍ വന്ന ഒരു ആര്‍ട്ടിക്കിളാണ് ദ്വിവേദിയെ ബോണ്‍സായ് ചെടികളുമായി അടുപ്പിക്കുന്നത്.250 ബോണ്‍സായ് ചെടികള്‍ നട്ടു വളര്‍ത്തിയ മുംബൈയിലെ ഒരു സ്ത്രീയെപ്പറ്റിയുള്ളതായിരുന്നു അത്. ആ വാര്‍ത്തയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് തന്റെ വീട്ടിലും ബോണ്‍സായ് ചെടികള്‍ വളര്‍ത്താന്‍ ദ്വിവേദി തീരുമാനിക്കുന്നത്.
വിരലിലെണ്ണാവുന്ന ചെടികളുമായി തുടങ്ങിയ യാത്ര ഇപ്പോള്‍ 2500 ചെടികളിലെത്തി നില്‍ക്കുന്നു.തന്റെ ശമ്പളത്തിന്റെയും പെന്‍ഷന്റെയും ഭൂരിഭാഗവും ദ്വിവേദി ചിലവഴിച്ചിരിക്കുന്നത് ചെടികള്‍ക്ക് വേണ്ടിയാണ്. ഇവ നല്‍കുന്ന പച്ചപ്പും ഹരിതാഭയുമാണ് തന്നെ ലോക്ക്ഡൗണിലും തളരാതെ പിടിച്ചുനിര്‍ത്തുന്നതെന്നാണ് ദ്വിവേദി പറയുന്നത്. മുഴുവന്‍ സമയവും ചെടികള്‍ക്കടുത്തായതിനാല്‍ ലോക്ക്ഡൗണിലെ മറ്റ് ടെന്‍ഷനുകളൊന്നും താന്‍ അറിയാറേ ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു പരിധിയില്‍ കൂടുതല്‍ പൊക്കം വയ്ക്കാത്ത ബോണ്‍സായ് ചെടികള്‍ കായ്ഫലം തരുന്നത് പൊതുവേ വിരളമാണ്. ഭംഗിയ്ക്കും കൗതുകത്തിനുമായാണ് കൂടുതല്‍ ആളുകളും ഇവ വാങ്ങി വെയ്ക്കുന്നത്. അന്തരീക്ഷത്തിലെ വായു ശുദ്ധീകരിക്കാനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുമൊക്കെ ഇവ ഏറെ സഹായിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.