പ്ലിംഗിപ്പോയ ഫ്രീ ബേസിക്ക്‌സിന്റെ പാളിപ്പോയ പരസ്യ തന്ത്രങ്ങള്‍

- ഫേവര്‍ ഫ്രാന്‍സിസ് പൊതുജനസമ്മതി പടച്ചുണ്ടാക്കല്‍ തന്നെയാണ് ഏതൊരു പരസ്യ കാമ്പൈനിന്റെ പിന്നിലും ഒളിപ്പിച്ചു വച്ചിരിക്കുന്ന അത്രയൊന്നും രഹസ്യമല്ലാത്ത ആത്യന്തിക ലക്ഷ്യം. തങ്ങളുടെ ഉല്‍പന്നത്തിന്റെ അല്ലെങ്കില്‍ തങ്ങള്‍ നല്‍കുന്ന സേവനങ്ങളുടെ ആവശ്യകതയെക്കുറിച്ച് വിപണിയെയും ഉപഭോക്താവിനെയും ഒരേ പോലെ ബോധവാന്മാരാക്കുകയും അവ തങ്ങളുടെ ഇനിയുള്ള ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തവയാണെന്നും വിശ്വസിപ്പിക്കാനും കഴിഞ്ഞാല്‍ പകുതി ആശ്വാസമായി. പിന്നീട് അവയുടെ ഭാവി ഗുണമേന്മയും വിലയും എതിരാളികളുടെ സാന്നിദ്ധ്യവും പോലുള്ള സംഗതികളാല്‍ നിയന്ത്രിക്കപ്പെട്ടെക്കാം. എന്നാലും ഇംഗ്ലീഷിലെ പ്രശസ്തമായ പഴഞ്ചൊല്ല് 'വെല്‍ ബിഗണ്‍ ഈസ് ഹാഫ് ഡണ്‍' എന്നത് പരസ്യങ്ങളെ സംബന്ധിച്ച് നൂറു ശതമാനവും ശരി വെക്കാവുന്ന ഒന്നാണ്. ഈ വിശ്വാസം സൃഷ്ടിക്കലില്‍ പരാജയപ്പെടുന്ന ഒരു ബ്രാന്‍ഡിനും അധിക കാലം വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. അവ ഉത്പന്നങ്ങള്‍ ആണെങ്കില്‍ മുഴുവനായി വിപണിയില്‍ നിന്നും പിന്‍വലിയുകയോ അല്ലെങ്കില്‍ പേര് മാറ്റി വീണ്ടും രംഗത്തിറങ്ങുകയോ അതുമല്ലെങ്കില്‍ അതെ കമ്പനിയുടെ തന്നെ നന്നായി വിറ്റു പോകുന്ന മറ്റേതെങ്കിലും ഉത്പന്നത്തിന്റെ ഒപ്പം 'സൗജന്യ'മായി വിപണിയില്‍ വിറ്റു തീര്‍ക്കുകയോ ആണ് പതിവ്. എന്നാല്‍ ജനിക്കും മുന്‍പേ മരണമടയുന്ന ചില ബ്രാന്‍ഡുകളും ഉണ്ട്. കോടിക്കണക്കിനു രൂപ ചെലവഴിച്ചു വമ്പന്‍ പരസ്യ ഏജന്‍സികളുടെ പിന്‍ബലത്തില്‍ വലിയ ആരവങ്ങള്‍ ഉണ്ടാക്കി ഇന്ത്യയിലേക്ക് കടന്നു വരാന്‍ ശ്രമിക്കുകയും ഒരു കൂട്ടം പ്രബുദ്ധരായ സോഷ്യല്‍ മീഡിയ ആക്ക്റ്റിവിസ്റ്റുകളുടെ ചെറുത്തുനില്‍പ്പില്‍ തോറ്റു തുന്നം പാടി കട പൂട്ടി താക്കോലും കൊണ്ട് മടങ്ങിയ ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ് ഓര്‍ഗ് അഥവാ ഫ്രീ ബേസിക്‌സിന്റെ കദന കഥയാണ് ഈ ശ്രേണിയില്‍ ഏറ്റവും പുതിയത്. സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങള്‍ കൊണ്ട് ഇന്റര്‍നെറ്റ് ഉപയോഗം സ്വപ്നം മാത്രമായ താഴെ തട്ടിലുള്ള ജനതയ്ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന ഒരു ബൃഹദ് പദ്ധതിയായിട്ടാണ് ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫ്രീ ബേസിക്‌സിനെ വിശേഷിപ്പിച്ചത്. ഈ പദ്ധതിയില്‍ നിന്നും ഒരു പ്രത്യേകിച്ച് സാമ്പത്തിക ലാഭവും കമ്പനി പ്രതീക്ഷിക്കുന്നില്ല എന്നും ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ് ഓര്‍ഗിന്റെ കീഴില്‍ വിഭാവനം ചെയ്യുന്ന സോളാര്‍ ആളില്ലാ വിമാനം അക്വില്ല തൊട്ട് സാദാ വൈ ഫൈ വരെ കൂട്ടിയിണക്കിയുള്ള പദ്ധതികളില്‍ ഒന്ന് മാത്രമാണ് ഫ്രീ ബേസിക്‌സ് എന്നും സുക്കര്‍ബര്‍ഗ് കൂട്ടി ചേര്‍ക്കുന്നു. ലോകമെമ്പാടുമുള്ള സാധാരണക്കാരെ ഇന്റര്‍നെറ്റ് സാക്ഷരരും സ്ഥിരം ഉപയോക്താക്കളും ആക്കി മാറ്റുകയും അത് വഴി അവരുടെ ജീവിത പരിസരങ്ങളിലും വിദ്യാഭ്യാസസാഹചര്യങ്ങളിലും തൊഴില്‍ ക്ഷമതയിലും വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുക മാത്രമാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഫേസ്ബുക്ക് തങ്ങളുടെ പരസ്യ കാമ്പൈനുകളില്‍ കൂടി ആവര്‍ത്തിച്ചു നടത്തിയ അവകാശ വാദം തൊണ്ട തൊടാതെ വിഴുങ്ങാന്‍ പ്രബുദ്ധരായ ഇന്ത്യന്‍ ജനത തയ്യാറായില്ല എന്നതിന്റെ ഫലമാണ് ഫ്രീ ബേസിക്‌സിന്റെ ഇപ്പോഴത്തെ ഈ പിന്മാറ്റം. പൊതുസമ്മതി പടച്ചുണ്ടാക്കല്‍ തന്നെയായിരുന്നു ഫ്രീ ബേസിക്‌സിന് വേണ്ടി ഫേസ്ബുക്ക് പുറത്തിറക്കിയ പരസ്യങ്ങളുടെ ഉദ്ദേശവും. എന്നാല്‍ ഒരു അന്താരാഷ്ട്രഭീമന്‍ എന്ന അഹങ്കാരം നല്‍കിയ കൈക്കരുത്തിന്റെ പ്രകടനമായി മാത്രമേ ആ പരസ്യങ്ങളെ ഇന്ത്യന്‍ ഓണ്‍ലൈന്‍ സമൂഹവും എന്തിനധികം ട്രായ് പോലും കണ്ടതുള്ളൂ. ഭാരത സര്‍ക്കാറിന്റെയും ചുമതലപ്പെട്ട ഏജന്‍സിയായ ട്രായുടെയും വിശ്വാസ്യത നേടിയെടുക്കാന്‍ പോലുമാവാതെ ആ പരസ്യങ്ങള്‍ തകര്‍ന്നടിഞ്ഞു. ഫ്രീബേസിക്‌സിന് പിന്തുണ നേടാനായി ഫേസ്ബുക്ക് നടത്തിയ സര്‍വേയില്‍ അവര്‍ അവലംബിച്ച തറവേലകളും ട്രായിയുടെ കടുത്ത വിമര്‍ശനത്തിനു പാത്രമായി. പാളിപ്പോയ ഒരു പരസ്യ കാമ്പൈന്‍ എന്ന് തന്നെയാണ് ഇന്ത്യന്‍ ബ്രാന്‍ഡിംഗ് രംഗത്തെ പ്രമുഖര്‍ ഈ ഫ്രീ ബേസിക്‌സ് കാമ്പൈനിനെ വിശേഷിപ്പിച്ചത്. 150 കോടി രൂപയാണ് ഫേസ്ബുക്ക് ഇന്ത്യയില്‍ ഈ കാമ്പൈനിന് വേണ്ടി വകയിരുത്തിയിരുന്നത്. ഇതില്‍ ഏകദേശം 50 കോടിയോളം അവര്‍ പത്രപരസ്യങ്ങള്‍ക്കും ഔട്ട്‌ഡോര്‍ പരസ്യങ്ങള്‍ക്കും ഡിജിറ്റല്‍ പബ്‌ളിസിറ്റിക്കുമായി ചെലവഴിച്ചു കഴിഞ്ഞതിനു ശേഷമാണ് അവര്‍ ഒട്ടും പ്രതീക്ഷിക്കാതെയുള്ള തിരിച്ചടി ലഭിക്കുന്നത്. ഭാരത സര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യ പോലുള്ള പദ്ധതികളുമായി ചേര്‍ന്നു നിന്ന് ഇന്ത്യന്‍ ജനതയുടെ വിശ്വാസ്യത നേടിയെടുക്കുക എന്ന പരസ്യ തന്ത്രം പാളിപ്പോയതിന്റെ പിന്നില്‍ വന്‍കിട വിദേശ കോര്‍പറേറ്റുകളുമായുള്ള ഇത്തരം ചങ്ങാത്തങ്ങള്‍ക്ക് പിന്നിലെല്ലാം കോടിക്കണക്കിനു രൂപയുടെ അഴിമതികളും കമ്മീഷന്‍ പിടുങ്ങലുമൊക്കെ കാണുമെന്നു കരുതുന്ന വോട്ടര്‍മാരെക്കുറിച്ചുള്ള രാഷ്ട്രീയക്കാരുടെ ആശങ്കയും ഒരു ഘടകമാണ്. അദാനിപോലുള്ള ഇന്ത്യന്‍ വന്‍കിട മുതലാളിമാരാണ് ഭരണകാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്ന ആരോപണം നേരിടുന്ന മോഡി സര്‍ക്കാരിന് ഇനിയൊരു വിദേശഭീമന്റെ വിഴുപ്പു കൂടി ചുമക്കാന്‍ ഭയം കാണുമെന്നത് സ്വാഭാവികം. ഇത്തരം കാരണങ്ങള്‍ മാത്രമല്ല ഫ്രീബേസിക്‌സ് കാമ്പൈനിന്റെ അധികാര സ്വരത്തിലുള്ള പ്രചരണ രീതി ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ ചെലവാകില്ല എന്ന് കരുതുന്നവരാണ് ഇന്ത്യന്‍ പരസ്യ രംഗത്തെ പ്രമുഖരില്‍ പലരും. ഇത്തരം ഒരു കാമ്പൈനിനു തുടക്കമിടുന്നതിനു മുന്‍പായി ഇന്ത്യയിലെ മികച്ച ബ്ലോഗ് എഴുത്തുകാരെയും സോഷ്യല്‍ മീഡിയ ആക്ക്റ്റിവിസ്റ്റുകളുടെയും പിന്തുണ തേടുകയായിരുന്നു ഫേസ്ബുക്ക് ചെയ്യേണ്ടിയിരുന്ന ഒന്നാമത്തെ കാര്യം. ഉബെര്‍ ടാക്‌സി സര്‍വീസുകള്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ വളരെ മികച്ച രീതിയില്‍ പ്രയോഗിച്ചു വിജയിപ്പിച്ച ഈ മാതൃക അവരുടെ മുന്നിലുണ്ടായിട്ടു കൂടി ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള വിര്‍ച്വല്‍ ലോകത്തിന്റെ അധിപന്മാര്‍ എന്ന അഹങ്കാരം തലയ്ക്കു പിടിച്ചത് കൊണ്ട് ഫേസ്ബുക്ക് അതിനെ നിസ്സാരമായി തള്ളിക്കളയുകയായിരുന്നു. 'അക്ബര്‍ ആണ് അവന്‍ തിരിച്ചു വരും' മമ്മൂട്ടി ചിത്രത്തിലെ ഈ പഞ്ച് ഡയലോഗ് പോലെ, ഈ താല്‍കാലിക തോല്‍വിയില്‍ മനം നൊന്തു തോറ്റു മടങ്ങുന്നവനല്ല ഫേസ്ബുക്ക് അധിപന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് എന്ന് നമുക്കെല്ലാവര്‍ക്കും നന്നായറിയാം. ഈ പേരില്‍ അല്ലെങ്കില്‍ മറ്റൊരു പേരില്‍ തന്റെ സ്വപ്നപദ്ധതിയായ ഇന്റര്‍നെറ്റ് ഓര്‍ഗ് അഥവാ ഫ്രീ ബേസിക്‌സ് അദ്ദേഹം ഇന്ത്യയിലേക്ക് ഒളിച്ചു കടത്തുക തന്നെ ചെയ്യും. കരുതിയിരുന്നോളൂ. Favour Francis favourfrancis@gmail.com 09847881382

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)