എറണാകുളം-ഗുരുവായൂര്‍ പാസഞ്ചറില്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് സന്ന്യാസി; കുരുമുളക് സ്പ്രേ കൊണ്ട് നേരിട്ട് പെണ്‍കുട്ടി

passenger ,ernakulam guruvayoor train,pepper spray

 

കൊച്ചി: എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച സന്യാസിയെ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. വയനാട് അമ്പലവയല്‍ സ്വദേശി ഭാഗ്യാനന്ദസരസ്വതി(70)യെന്ന പേരാണു പ്രതി പോലീസിനോടു പറഞ്ഞത്. 'പൂര്‍വാശ്രമത്തിലെ' പേരും വിലാസവും പ്രതി വെളിപ്പെടുത്തിയില്ല. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ അറസ്റ്റു ചെയ്ത ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണു സംഭവം. ആറുമണിയോടെ ട്രെയിനില്‍ കയറിയ പ്രതിയോട് അതു വനിതാ കംപാര്‍ട്ട്‌മെന്റാണെന്നു യാത്രക്കാരികള്‍ പറഞ്ഞെങ്കിലും ഇയാള്‍ ഇറങ്ങാന്‍ തയാറായില്ല. സ്ത്രീകളുടെ സമീപത്തിരുന്നു മോശം ഭാഷയില്‍ സംസാരിച്ചു തുടങ്ങിയതോടെ പലരും എഴുന്നേറ്റു മാറി.

ഇയാളുടെ പ്രവര്‍ത്തിയെ ചോദ്യം ചെയ്ത എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയെ 'വായടയ്‌ക്കെടി പെണ്ണേ..' എന്നു പറഞ്ഞു കൈകളില്‍ കടന്നുപിടിച്ചു. കുതറി മാറാന്‍ ശ്രമിച്ചപ്പോള്‍ കൈപിടിച്ചു പിരിച്ചു. പ്രായമുണ്ടെങ്കിലും ആരോഗ്യവാനായ പ്രതിയുടെ പിടിയില്‍ നിന്നും കുതറി മാറാന്‍ വിദ്യാര്‍ത്ഥിനിക്കു കഴിഞ്ഞില്ല.

ഒടുവില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന കുരുമുളകു സ്‌പ്രേ സന്യാസിയുടെ മുഖത്തടിച്ചാണു വിദ്യാര്‍ത്ഥിനി ഇയാളുടെ പിടിയില്‍ നിന്നു രക്ഷപ്പെട്ടത്. മുഖംകഴുകി തിരിച്ചെത്തിയ പ്രതി യുവതി ലഹരിമരുന്നു മുഖത്തു സ്‌പ്രേ ചെയ്തതായി ആരോപിച്ചു ബഹളമുണ്ടാക്കി ആളെക്കൂട്ടി. ഓടിക്കൂടിയ പലരും പെണ്‍കുട്ടിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ തുടങ്ങിയതോടെ കംപാര്‍ട്‌മെന്റിലുണ്ടായിരുന്ന മറ്റു യാത്രക്കാരികള്‍ യഥാര്‍ഥത്തില്‍ നടന്ന സംഭവങ്ങള്‍ റെയില്‍വേ പോലീസിനെ അറിയിക്കുകയായിരുന്നു.

ഒരാഴ്ച മുന്‍പ് കോളജില്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടി സ്വയംരക്ഷാ ക്ലാസ് നടത്തിയപ്പോള്‍ വിതരണം ചെയ്ത കുരുമുളകു സ്‌പ്രേ കൈവശമുണ്ടായിരുന്നതിനാലാണു രക്ഷപ്പെട്ടതെന്നു പെണ്‍കുട്ടി മൊഴി നല്‍കി. ട്രെയിന്‍ അങ്കമാലിയില്‍ എത്തിയപ്പോള്‍ പ്രതി കടന്നു കളയാന്‍ ശ്രമിച്ചെങ്കിലും പോലീസ് അറസ്റ്റു ചെയ്തു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)