തങ്ങളുടെ ഇഷ്ട താരത്തെ കാണാന്‍ വേണ്ടി എന്ത് ത്യാഗം സഹിക്കാനും തയ്യാറാണ് ആരാധകര്‍. അത്തരത്തില്‍ തന്റെ ഇഷ്ട താരത്തെ കാണാന്‍ ശ്രമിച്ചതിന്റെ ഫലമായി യുവാവിന് നഷ്ടമായത് 60 ലക്ഷം രൂപയാണ്.
തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളിന്റെ കടുത്ത ആരാധകനായ തമിഴ്നാട് രാമനാഥപുരം സ്വദേശിക്കാണ് തന്റെ പണം നഷ്ടമായത്.
ഓണ്‍ലൈനില്‍ വ്യാജ സൈറ്റ് ഉണ്ടാക്കി ശരവണകുമാര്‍ എന്ന വ്യക്തിയാണ് യുവാവിന്റെ പക്കല്‍ നിന്ന് ഇത്രയും വലിയ തുക തട്ടിയെടുത്തത്. ഇന്റര്‍നെറ്റില്‍ പരതുമ്പോഴാണ് ഈ വ്യാജ സൈറ്റ് യുവാവിന്റെ ശ്രദ്ധയില്‍ പെട്ടത്. ആരാധകര്‍ക്ക് തങ്ങളുടെ പ്രിയതാരത്തെ നേരില്‍ കാണാന്‍ അവസരം ഒരുക്കി കൊടുക്കും എന്നാണ് വെബ്സൈറ്റില്‍ പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ച യുവാവ് ഇയാള്‍ക്ക് തന്റെ പേരും മറ്റ് വിവരങ്ങളും നല്‍കുകയും ഇഷ്ടതാരങ്ങളുടെ ലിസ്റ്റില്‍ നിന്ന് കാജല്‍ അഗര്‍വാളിനെ തെരഞ്ഞെടുക്കുകയും ചെയ്തു.
തുടര്‍ന്ന് താരത്തിന്റെ കാണാനായി ആദ്യ ഗഡുവായി 50,000 രൂപ അടയ്ക്കാന്‍ യുവാവിനോട് ആവശ്യപ്പെട്ടു. യുവാവ് പണം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇയാളുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വെബ്സൈറ്റ് യുവാവിനോട് കൂടുതല്‍ പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്കാന് യുവാവ് വിസമ്മതിച്ചു. ഇതോടെ യുവാവിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഇയാളുടെ പക്കല്‍ നിന്നും 60 ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുക്കുകയായിരുന്നു.
മൂന്ന് ഗഡുക്കളായാണ് പണം തട്ടിയെടുത്തത്. സംഭവത്തെ തുടര്‍ന്ന് നാണക്കേട് കാരണം യുവാവ് ഒളിവില്‍ പോയി. എന്നാല്‍ വീട്ടുകാര്‍ ഇയാളെ കാണാതതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. പോലീസ് ഇയാളെ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറംലോകമറിയുന്നത്. ഒടുവില്‍ യുവാവ് പണം കൈമാറിയ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ശേഖരിച്ചാണ് പ്രതിയായ സിനിമാ നിര്‍മ്മാതാവ് ശരവണകുമാര്‍ എന്ന ഗോപാലകൃഷ്ണനെ പോലീസ് പിടികൂടിയത്.
Discussion about this post