പുതിയ സിനിമയുടെ പോസ്റ്ററിൽ ചേർത്ത നടൻ ധനുഷിന്റെ വിശേഷണം കോളിവുഡിൽ ചർച്ചയാകുന്നു. പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നടൻ ധനുഷിനെ ഇളയ സൂപ്പർ സ്റ്റാറെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതാണ് ആരാധകരുടേയും തമിഴ് സിനിമാലോകത്തിന്റെയും ചർച്ചയിൽ നിറഞ്ഞുനിൽക്കുന്നത്. നിലവിൽ ആരാധകർക്കിടയിൽ ഇന്ത്യൻ ബ്രൂസിലെയന്ന ഓമനപേരിലാണ് ധനുഷ് ഇപ്പോൾ അറിയപ്പെടുന്നത്.
ഇതിനിടെയാണ് ദുരൈ സെന്തിൽ കുമാർ ഒരുക്കുന്ന പട്ടാസ് എന്ന സിനിമയുടെ ഡിസൈനർ പോസ്റ്ററിലും ഫസ്റ്റ് ലുക്ക് പോസ്റ്ററിലും ധനുഷിന് പുതിയ പേര് നൽകിയിരിക്കുന്നത്. തമിഴ് സിനിമ ലോകത്ത് ഒരേയൊരു സൂപ്പർ സ്റ്റാറെന്ന് വിശേഷിപ്പിക്കുന്നത് രജനീകാന്തിനെയാണ്. അതുകൊണ്ടു തന്നെയാണ് മരുമകനായ ധനുഷിന് ഇളയ സൂപ്പർസ്റ്റാർ പദവി നൽകിയത് ചർച്ചയാവുന്നത്.
ധനുഷിനെ നായകനാക്കി സത്യജ്യോതി ഫിലിംസാണ് പട്ടാസെന്ന ചിത്രം നിർമ്മിക്കുന്നത്. കൊടിയുടെ സംവിധായകൻ ദുരൈ സെന്തിൽകുമാറാണ് പട്ടാസ് ഒരുക്കുന്നത്. ഇതിനിടെ, പോസ്റ്ററിലെ വിശേഷം സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയ്ക്കാണ് കാരണമായിരിക്കുന്നത്.
അച്ഛനായും മകനായും ഇരട്ടവേഷങ്ങളിൽ ധനുഷ് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പട്ടാസ് ദിപാവലിക്കു തിയേറ്ററുകളിലെത്തും.