തിരുവനന്തപുരം: 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ഷീല ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള പുരസ്‌കാരം നിമിഷാ സജയന്‍ ഏറ്റുവാങ്ങി. നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിന്‍ ഷാഹിറും ചേര്‍ന്ന് പങ്കിടുകയായിരുന്നു.
മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ‘കാന്തന്‍- ദി ലവര്‍ ഓഫ് കളറി’ന്റെ സംവിധായകന്‍ ഷെരീഫ് ഈസയും മികച്ച സംവിധായകനുള്ള പുരസ്‌കാരം ശ്യാമപ്രസാദും ഏറ്റുവാങ്ങി. ‘സുഡാനി ഫ്രം നൈജീരിയ’യുടെ സംവിധായകന്‍ സക്കറിയ മുഹമ്മദ് ആയിരുന്നു ഇത്തവണത്തെ മികച്ച നവാഗത സംവിധായകന്‍.
മലയാള സിനിമയിലെ പ്രമുഖരായ 14 പേരെയും ചടങ്ങില്‍ ആദരിച്ചു. മുന്‍കാല ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ പ്രഭു, ഗായികയും നടിയുമായിരുന്ന സിഎസ് രാധാദേവി, പ്രേംനസീറിന്റെ ആദ്യ നായിക നെയ്യാറ്റിന്‍കര കോമളം, നടി ടിആര്‍ ഓമന, നടന്‍ ജി കെ പിള്ള, ഛായാഗ്രാഹകരായ ടിഎന്‍ കൃഷ്ണന്‍കുട്ടി നായര്‍, വിപിന്‍ മോഹന്‍, ജഗതി ശ്രീകുമാര്‍, നടിയും പിന്നണി ഗായികയുമായ ലതാ രാജു, സംവിധായകന്‍ ശിവന്‍, ശ്രീലതാ നമ്പൂതിരി, സംഘട്ടസ സംവിധായകന്‍ ത്യാഗരാജന്‍, സംവിധായകന്‍ കെ രഘുനാഥ്, സ്റ്റാന്‍ലി ജോസ് എന്നിവരെയാണ് ആദരിച്ചത്.
സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണ അറിയിച്ചുകൊണ്ടുകൂടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കലാകാരന്മാരെ നിശബ്ദരാക്കാന്‍ ആരെയും അനുവദിക്കില്ല. ചലച്ചിത്ര രംഗത്തും വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും കേരളത്തില്‍ ഇത് വിലപ്പോവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍, അഡ്വ വിഎസ് സുനില്‍കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, എകെ ശശീന്ദ്രന്‍, രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.