വിവാഹ മോചനങ്ങളുടെ എണ്ണം അനുദിനം നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. പലരും കുഞ്ഞ് കാരണങ്ങള്‍ക്കാണ് വിവാഹ മോചനത്തിന് പോവുന്നത് തന്നെ. അത്തരത്തില്‍ പോവുന്നവര്‍ക്ക് ബോധവല്‍ക്കരണം എന്ന നിലയില്‍ നിരവധി സിനിമകള്‍ മലയാളത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഈ അടുത്ത കാലത്തായി വളരെ പ്രചാരം നേടിയ ‘ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ് അഥവാ എന്‍എല്‍പി’ എന്ന മനഃശാസ്ത്ര സമീപനത്തിന്റെ സാധ്യതകള്‍ അവതരിപ്പിക്കുന്ന ചിത്രമാണ് എകെ സത്താര്‍ സംവിധാനം ചെയ്ത ‘ടേക്ക് ഇറ്റ് ഈസി’
മനുഷ്യ മനസിനെ ബാധിക്കുന്ന ഈഗോ, ഇമോഷന്‍ , പേഴ്‌സപ്ഷന്‍ എന്നിവയെ സംബന്ധിക്കുന്ന എറിക് ബര്‍ണെയുടെ ട്രാന്‍സാക്ഷണല്‍ അനാലിസിസ്, ഡാനിയല്‍ ഗോള്‍മാന്റെ ഇമോഷണല്‍ ഇന്റലിജന്‍സ് റിച്ചാര്‍ഡ് ബണ്ട്ലേര്‍, ജോണ്‍ ഗ്രിന്‍ഡര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ ന്യൂറോ ലിങ്കസ്റ്റിക് പ്രോഗ്രാം എന്നീ പുസ്തകങ്ങളെ ആധാരമാക്കിയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വിവാഹ മോചനങ്ങള്‍ നടക്കുന്ന ഈ പുതിയ ന്യൂജെന്‍ സമൂഹത്തില്‍ എന്‍എല്‍പി ഹിപ്‌നോ തെറാപ്പിസ്റ്റുകളുടെ സഹായത്തോടെ അതിന് പരിഹാരമാര്‍ഗം ആരായുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പുതുമുഖങ്ങളായ ആനന്ദ് സൂര്യ, പ്രകാശ് നന്ദി, ഷനൂപ് മനഞ്ചേരി, കെബി നല്ലളന്‍, അനില്‍ വാസുദേവ്, ദ്യുതി എന്‍ സുധീര്‍, ജോമിയ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. ഈ ചിത്രം ഇന്നത്തെ സമൂഹത്തിന് പുതിയൊരു അനുഭവം ആയിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
ചിത്രം മനശാസ്ത്ര വിഷയം കൈകാര്യം ചെയ്യുന്നത് കൊണ്ട് വളരെ വ്യത്യസ്തമായ ലൈറ്റിംഗ് പാറ്റേണുകളും സ്വാഭാവിക വെളിച്ചവും ആങ്കിളുകളുമൊക്കെയാണ് ചിത്രത്തില്‍ ഛായാഗ്രാഹകന്‍ ഷൗക്കത്ത് ലുക്ക ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തില്‍ സ്വാതി തിരുനാള്‍ കീര്‍ത്തനവും ത്യാഗരാജ കൃതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജേഷ് ബാബുവാണ് സംഗീതം നല്‍കിയിരിക്കുന്നത്. സുനില്‍കുമാര്‍, അന്‍വര്‍ സാദത്ത്, കെകെ നിഷാദ്, സിത്താര കൃഷ്ണകുമാര്‍, രഞ്ജിനി ജോസ്, മൃദുല വാരിയര്‍ എന്നിവരാണ് ചിത്രത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഗിരീഷ് തലശ്ശേരി നിര്‍മ്മിച്ച ചിത്രം ഓഗസ്റ്റ് രണ്ടിന് തീയ്യേറ്ററുകളിലെത്തും.