ദിലീഷ് പോത്തന് സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ വന്ന് പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ താരമാണ് നിമിഷ സജയന്. മധുപാല്‍ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യന്’ എന്ന ചിത്രമാണ് ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ നിമിഷയുടെ ചിത്രം. ടൊവീനോ നായകനായി എത്തിയ ചിത്രത്തില്‍ നെടുമുടി വേണുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിനൊപ്പം സ്ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.
‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്നത് വേണുവച്ഛന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചതാണ്. ഞാന്‍ സിനിമയുടെ ചിത്രീകരണത്തിന് ചെല്ലുമ്പോള്‍ വേണുവച്ഛന് അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. മധു ചേട്ടന് പറഞ്ഞു ‘മോളെ ഓടി വാ വന്നു കാണൂ കോടതി സീനാണ്’, ഞാന്‍ വാദിക്കുമ്പോള്‍ വേണുവച്ഛന് അതിനു മറുപടി പറയുന്ന സീനാണ്. അസ്വസ്ഥത കൊണ്ട് പേനയിട്ടു കുത്തുന്നത്. ഇത് ഞാന്‍ മോണിറ്ററില്‍ കണ്ടു കൊണ്ടിരിക്കുകയാണ്.
എന്താണെന്ന് അറിയില്ല. വേണുവച്ഛന്റെ അഭിനയം കണ്ടപ്പോള്‍ എനിക്ക് കരച്ചില് വന്നു. സീന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ചെന്ന് കാലില്‍ തൊട്ടു തൊഴുതു, എന്നിട്ട് മടിയില്‍ കിടന്നു കുറെ നേരം കരഞ്ഞു. വേണുവച്ഛന് എന്നെ സമാധാനിപ്പിച്ചു, എന്നിട്ട് ചോദിച്ചു നീ എന്തിനാ കരയുന്നത് എന്ന് . ഞാന്‍ പറഞ്ഞു എനിക്കറിഞ്ഞൂകൂടാ എനിക്ക് കരയണം, പിന്നെ ഞങ്ങള്‍ നല്ല ക്ലോസായി, ഞങ്ങള്‍ രണ്ടു പേരുമുള്ള സീനുകളില്‍ ഞാന്‍ അഭിനയിച്ചു കഴിയുമ്പോള്‍ മധു ചേട്ടന് കട്ട് പറഞ്ഞാല്‍ വേണുവച്ഛന് പറയും, അത് ഒന്നുകൂടി എടുക്കാം നിനക്ക് അത് കൂടുതല്‍ നന്നായി ചെയ്യാന്‍ പറ്റും എന്നൊക്കെ. സ്വന്തം അഭിനയത്തേക്കാള്‍ എന്റെ അഭിനയം ഭംഗിയാക്കാന്‍ വേണുവച്ഛന് ശ്രമിക്കുമായിരുന്നു’ എന്നാണ് നിമിഷ അഭിമുഖത്തില്‍ പറഞ്ഞത്. വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിമിഷ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
Discussion about this post