അജിത്ത് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘നേര്‍കൊണ്ട പാര്‍വൈ’. ബോളിവുഡ് ചിത്രം ‘പിങ്കി’ന്റെ റീമേക്ക് ചിത്രമാണിത്. പിങ്കില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത്ത് അവതരിപ്പിക്കുന്നത്. അഭിഭാഷകന്റെ വേഷത്തിലാണ് താരം ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ വിദ്യാ ബാലനും അവതരിപ്പിക്കുന്നുണ്ട്.
അജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് വിദ്യ ചിത്രത്തിലെത്തുന്നത്. അജിത്തിനൊപ്പമുള്ള സിനിമാ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോള്‍. ‘ആരാധകരെ ഇത്രയേറെ ആവേശത്തിലാഴ്ത്തുന്ന വലിയൊരു താരമായ ഒരാള്‍ എന്റെ മുന്നില്‍ വളരെ ലാളിത്യത്തോടെ നില്‍ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. വളരെ എളിമയുളള വ്യക്തിയാണ് അജിത്ത്. ‘തല’ എന്ന അദ്ദേഹത്തിന്റെ ഇമേജിനെ കുറിച്ചും മറ്റും ഞാന്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം നാണിച്ചു’ എന്നാണ് വിദ്യ പറഞ്ഞത്.
എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഭിരാമി വെങ്കടാചലം, ആന്‍ഡ്രിയ തരിയന്‍ഗ്, ആദിക് രവിചന്ദ്രന്‍, അര്‍ജുന്‍ ചിദംബരം, അശ്വിന്‍ റാവു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ബോണി കപൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 10ന് ചിത്രം തീയ്യേറ്ററുകളിലെത്തും.
Discussion about this post