ബോളിവുഡിന്റെ മുന്‍ സൂപ്പര്‍ നായകന് ഋഷി കപൂറിന് കാന്‍സറാണെന്ന വാര്‍ത്ത ബോളിവുഡ് ലോകം ഞെട്ടലോടെയാണ് കേട്ടത്. താരം ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ കാന്‍സര്‍ ചികിത്സയിലാണ്. ഇപ്പോഴിതാ കാന്‍സര്‍ തന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരമിപ്പോള്‍. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി ഇരുപത്തിയാറ് കിലോ ഭാരം ഒറ്റയടിക്ക് കുറഞ്ഞതും വിശപ്പില്ലാതെ നാല് മാസം കടന്നു പോയതിനെ കുറിച്ചുമൊക്കെ താരം അഭിമുഖത്തില്‍ പറഞ്ഞു.
‘ജീവിതത്തില്‍ ക്ഷമയില്ലാത്ത ഞാന്‍ ക്ഷമ എന്താണെന്ന് ഈ കാലയളവില്‍ പഠിച്ചു. കാന്‍സര്‍ രോഗത്തില്‍ നിന്നുള്ള മോചനം വളരെ പതിയെയാണ്. പക്ഷേ ആ കാലം നമ്മളെ പലതും പഠിപ്പിക്കും. വിശപ്പില്ലാതെ, ആഹാരം കഴിക്കാതെ ഇരുപത്തിയാറു കിലോയാണ് കുറഞ്ഞത്’ ഋഷി കപൂര്‍ പറയുന്നു.
‘തന്റെ 45 വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തില്‍ ഇത്രയും നീണ്ട കാലാവധി എടുക്കുന്നത് ആദ്യമായിട്ടാണ്. കുടുംബത്തിന്റെ പിന്തുണ ഉള്ളത് കൊണ്ടാണ് ചികിത്സയുടെ ആദ്യമാസങ്ങള്‍ പിടിച്ചുനിന്നത്. ഭാര്യ നീതു, മക്കളായ രണ്‍ബീര്‍, റിദ്ധിമ എന്നിവര്‍ എന്റെ കൂടെതന്നെ നിന്നു. ആദ്യം രോഗം ഉണ്ടെന്ന് വിശ്വസിക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. രോഗം സ്ഥിരീകരിച്ചയുടന്‍ രണ്‍ബീറിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ന്യൂയോര്‍ക്കില്‍ ചികിത്സ തേടാന്‍ തീരുമാനിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചപ്പോള്‍ ഞാന്‍ ഡല്‍ഹിയില്‍ ഷൂട്ടിംഗിലായിരുന്നു. രണ്‍ബീര്‍ അവിടെയെത്തി നിര്‍മ്മാതാവിനോട് കാര്യങ്ങള്‍ വിശദമാക്കുകയും തന്നെ നിര്‍ബന്ധച്ച് അന്നുതന്നെ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരുകയുമായിരുന്നു. ശരിക്കും അവന് അന്ന് എന്നെനിര്ബന്ധിച്ച് വിമാനത്തില്‍ കയറ്റുകയായിരുന്നു’ എന്നാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്. ചികിത്സ ഒമ്പത് മാസം കഴിഞ്ഞെന്നും കീമോ ഇപ്പോഴും തുടരുന്നുണ്ടെന്നും ഓഗസ്റ്റ് അവസാനത്തോടെ നാട്ടിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് താനെന്നും ഋഷി കപൂര്‍ അഭിമുഖത്തില്‍ പറഞ്ഞു.
Discussion about this post