ബോളിവുഡ് സുന്ദരി കങ്കണയ്ക്കെതിരെയുള്ള മാധ്യമപ്രവര്‍ത്തകരുടെ ബഹിഷ്കരണത്തിന് പിന്തുണയുമായി മുംബൈ പ്രസ് ക്ലബ് രംഗത്ത്. മാധ്യമങ്ങളോടുള്ള താരത്തിന്റെ പെരുമാറ്റം വളരെ മോശമായിരുന്നുവെന്നാണ് മുംബൈ പ്രസ് ക്ലബ് അംഗങ്ങളും പ്രസ്താവനയില്‍ പറയുന്നത്.
മാപ്പ് പറഞ്ഞില്ലെങ്കില്‍ കങ്കണയുടെ പ്രോഗ്രാമുകള്‍ ബഹിഷ്ക്കരിക്കാനുള്ള എന്റര്ടെയ്ന്മെന്റ് ജേര്‍ണലിസ്റ്റ് ഗ്വില്ഡിന്റെ തീരുമാനത്തിന് മുംബൈ പ്രസ് ക്ലബ് എല്ലാ പിന്തുണയും നല്കുന്നു. ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് മുംബൈ പ്രസ് ക്ലബ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്.
കങ്കണയുടെ ഏറ്റവും പുതിയ ചിത്രമായ ജഡ്ജ്മെന്റല് ഹെ ക്യാ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് സംഭവം. ഉറി ആക്രമണത്തിനു ശേഷം പാകിസ്താനില്‍ പരിപാടി സംഘടിപ്പിച്ച ശബാന ആസ്മിയെ വിമര്‍ശിച്ച കങ്കണയുടെ ചിത്രം എന്തുകൊണ്ടാണ് പാകിസ്താനില്‍ റീലീസ് ചെയ്തതെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യമാണ് വിവാദത്തില്‍ കലാശിച്ചത്.
അതേ സമയം മാധ്യമ പ്രവര്‍ത്തകര്‍ തന്നെ കൂട്ടം ചേര്‍ന്ന് ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്നും താന്‍ ഒരിക്കലും അവരോട് മാപ്പ് പറയില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകര്‍ വിചാരിച്ചാല്‍ തന്നെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും മാധ്യമപ്രവര്‍ത്തകരെ വാങ്ങാന്‍ ലക്ഷങ്ങളൊന്നും ചെലവാക്കേണ്ടെന്നും അറുപത് രൂപ മതിയാകുമെന്നും അവര്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഇതുപോലെയുള്ള ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയില്‍ അല്ല ബോളിവുഡിലെ മികച്ച നടിയായതെന്നും കങ്കണ വ്യക്തമാക്കിയിരുന്നു.
Discussion about this post