വളരെ ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ താരമാണ് അലന്‍സിയര്‍. ബിജു മേനോന്‍
നായകനായി അഭിനയിച്ച സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രമാണ് താരത്തിന്റെ ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ചിത്രം.
ഈ അടുത്ത കാലത്താണ് നിയമസഭാ സമിതി മദ്യപാനം- പുകവലി രംഗങ്ങള്‍ പൂര്‍ണ്ണമായി സിനിമകളില്‍ നിന്ന് ഒഴിവാക്കണമെന്ന ശുപാര്‍ശ കൊണ്ടു വന്നത്. ഇതിനെതിരെ രൂക്ഷമായാണ് അലന്‍സിയര്‍ പ്രതികരിച്ചത്. ബിഹൈന്റ്‌വുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതിന് എതിരെ പ്രതികരിച്ചത്.
ഇത് തികച്ചും അസംബന്ധമാണെന്നാണ് അവതാരകന്റെ ചോദ്യത്തിന് താരം നല്‍കിയ മറുപടി. ‘നിരത്തുകളിലൊക്കെ എത്ര ബീവറേജസാണ് സര്‍ക്കാര്‍ തുറന്ന് വെച്ചിരിക്കുന്നത്. സര്‍ക്കാറിന്റെ പ്രധാന വരുമാന സോത്രസ് എവിടുന്നാണ്? പിന്നെ എന്തിനാണ് ഇതിനെ മാത്രം കുറ്റം പറയുന്നത്? സിനിമയില്‍ ഇത് കാണിച്ചാല്‍ കുറ്റം. ഹൈവേയില്‍ പരസ്യമായി തുറന്ന് വെച്ച് ബോര്‍ഡ് വയ്ക്കുന്നതിന് പ്രശ്‌നമില്ല. സിനിമ അത്തരത്തില്‍ ആരെയും സ്വാധീനിച്ച് വഷളാക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും സമൂഹത്തില്‍ കാണുന്നത് മാത്രമേ സിനിമയില്‍ പ്രതിഫലിക്കുന്നുവുള്ളൂവെന്നും പുതുതായി ഒന്നും സിനിമ കണ്ടുപിടിക്കുന്നില്ലെന്നുമാണ്’ അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്.
പി അയിഷാ പോറ്റി എംഎല്‍എ അധ്യക്ഷയായ സമിതിയാണ് സിനിമകളിലെ മദ്യപാന-പുകവലി രംഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയതിന് ശേഷം മാത്രമെ ഇനി സിനിമകള്‍ക്ക് പ്രദര്‍ശന അനുമതി നല്‍കാവൂ എന്ന് സെന്‍സര്‍ ബോര്‍ഡിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
Discussion about this post