മലയാള സിനിമയില്‍ ഇന്ന് സ്ത്രീകള്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നില്ലെന്ന് തിരക്കഥാകൃത്ത് ജോണ്‍ പോള്‍.
പണ്ടത്തെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ ആഘോഷിക്കപ്പെടുന്ന അത്രയും അരക്ഷിതാവസ്ഥ ഇന്ന് സ്ത്രീകള്‍ സിനിമയില്‍ അനുഭവിക്കുന്നില്ല. സ്ത്രീകള്‍ മനസ്സ് കൊണ്ട് താല്‍പര്യപ്പെടാതെ പുരുഷന് വിധേയനാകേണ്ട അവസ്ഥ മലയാള സിനിമയില്‍ ഇന്ന് നിലനില്‍ക്കുന്നില്ലെന്നും ജോണ്‍പോള്‍ പറഞ്ഞു. ബിഗ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജോണ്‍പോളിന്റെ അഭിപ്രായ പ്രകടനം.
ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്ന ആളുകളേക്കാള്‍ കൂടുതല്‍ അവശത അനുഭവിക്കുന്നത് അതിലെ സാധാരണ തൊഴിലാളികളായ സ്ത്രീകള്‍ ആണ്. മേക്കപ്പ് സഹായികള്‍, മെസ്സ് വിഭാഗത്തിലെ സ്ത്രീകള്‍ തുടങ്ങി നിരവധി സ്ത്രീകളാണ് സിനിമയുടെ പിറകില്‍ ജോലി ചെയ്യുന്നത്.
അവര്‍ രാവിലെ മുതല്‍ രാത്രിവരെ ആ ഷൂട്ടിംഗ് സെറ്റില്‍ ഉണ്ടാകും. അവരാണ് സിനിമയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പാടുകള്‍ സഹിക്കുന്നത്. അവര്‍ക്ക് വേണ്ടി ആരാണ്, എവിടെയാണ്, ഉത്കഠയോടെ അന്വേഷിച്ചിട്ടുള്ളത്. അവര്‍ക്കും മാനുഷികമായ പരിഗണയെങ്കിലും കൊടുക്കണമെന്ന് തുല്യതക്കു വേണ്ടി പോരാടുന്നവര്‍ക്ക് തോന്നാത്തിടത്തോളം കാലം തുല്യതക്ക് വേണ്ടിയുള്ള പോരാട്ടങ്ങളോ വാദങ്ങളോ, പൂര്‍ണ്ണമല്ലെന്നും ജോണ്‍ പോള്‍ പറഞ്ഞു.
തുല്യതയ്ക്ക് വേണ്ടി പോരാടുന്നവര്‍ കണ്ണ് തുറന്ന് അവരുടെ ചുറ്റുപാടിലേക്ക് നോക്കണം. തങ്ങളുടെ വംശം തങ്ങളില്‍ മാത്രം പരിമിതപ്പെടുന്നില്ലെന്ന് തിരിച്ചറിയണം. ആ തിരിച്ചറിവില്‍ നിന്നു കൊണ്ടുള്ള മുറവിളികള്‍ക്കേ അര്‍ത്ഥം ഉണ്ടാവുകയുള്ളൂവെന്നും ജോണ്‍പോള്‍ കൂട്ടിച്ചേര്‍ത്തു.