വിജയ് ബാബു പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി ആരംഭിച്ച ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റ്‌സിന്റെ ആദ്യ ചിത്രമാണ് ‘ജനമൈത്രി’. ഹിറ്റ് ചിത്രം ആട് പോലെ തന്നെ പ്രേക്ഷകനെ ഒരുപാട് ചിരിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സൈജു കുറുപ്പ് പറഞ്ഞിരിക്കുന്നത്.
‘ഒരു പോലീസ് സ്റ്റോറിയാണ് ജനമൈത്രി. എന്നാല്‍ സാധാരണ ഒരു പോലീസ് സ്റ്റോറി എന്നു കേള്‍ക്കുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുക ത്രില്ലറും ആക്ഷനുമൊക്കെയാവും. എന്നാല്‍ അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കോമഡി ചിത്രമാണിത്. ആട് എന്ന സിനിമ ഇഷ്ടപ്പെട്ടവരാണ് നമ്മള്‍. അതുപോലെ നമ്മളെ അത്രയും തന്നെ ചിരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതും. ജോണ്‍ മന്ത്രിക്കല്‍ ഈ കഥയുടെ പ്ലോട്ട് പറഞ്ഞപ്പോള്‍ അത് വളരെ എനിക്ക് ഇഷ്ടപ്പെട്ടു. കേരളത്തിലെ പോലീസുകാര്‍ ചെയ്യുന്ന ഒരു സംഭവമാണിത്. ആ പ്ലോട്ടില്‍ നിന്നാണ് ഈ സിനിമയുടെ കഥ ജനിച്ചത്’ എന്നാണ് സൈജു കുറിപ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ആന്‍ മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജോണ്‍ മന്ത്രിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, കലാഭവന്‍ പ്രജോദ്, സാബുമോന്‍, വിജയ് ബാബു, അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍ പി ദേവ്, സിദ്ധാര്‍ത്ഥ് ശിവ, സൂരജ്, പ്രശാന്ത് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ജൂലൈ 19ന് ചിത്രം തീയ്യേറ്ററുകളിലെത്തും.