ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകര്‍ വിചാരിച്ചാല്‍ തന്നെ തകര്‍ക്കാന്‍ സാധിക്കില്ല, മാപ്പ് പറയില്ല; മാധ്യമപ്രവര്‍ത്തകരുടെ ബഹിഷ്‌കരണത്തോട് പ്രതികരിച്ച് കങ്കണ

താന്‍ ഇതുപോലെയുള്ള ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയില്‍ അല്ല ബോളിവുഡിലെ മികച്ച നടിയായതെന്നും കങ്കണ വ്യക്തമാക്കി

ബോളിവുഡ് താരസുന്ദരി കങ്കണ തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടയില്‍ മാധ്യമ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് താരം മാധ്യമ പ്രവര്‍ത്തകരോട് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നടിയെ ബഹിഷ്‌കരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ അതിന് പ്രതികരണവുമായി താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെ ആണ് താരം ഇതിനെതിരെ പ്രതികരിച്ചത്. തന്നെ കൂട്ടം ചേര്‍ന്ന് ആക്രമിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും താന്‍ ഒരിക്കലും അവരോട് മാപ്പ് പറയില്ലെന്നും താരം വ്യക്തമാക്കി. ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകര്‍ വിചാരിച്ചാല്‍ തന്നെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും താരം പറഞ്ഞു. ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകരെ വാങ്ങാന്‍ ലക്ഷങ്ങളൊന്നും ചെലവാക്കേണ്ടെന്നും അറുപത് രൂപ മതിയാകുമെന്നും അവര്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ ഇതുപോലെയുള്ള ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയില്‍ അല്ല ബോളിവുഡിലെ മികച്ച നടിയായതെന്നും കങ്കണ വ്യക്തമാക്കി. അതേസമയം തന്റെ കൂടെ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരോട് നന്ദി പറയാനും താരം മറന്നില്ല.

കങ്കണയുടെ ഏറ്റവും പുതിയ ചിത്രമായ ജഡ്ജ്‌മെന്റല്‍ ഹെ ക്യാ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് സംഭവം. ഉറി ആക്രമണത്തിനു ശേഷം പാകിസ്താനില്‍ പരിപാടി സംഘടിപ്പിച്ച ശബാന ആസ്മിയെ വിമര്‍ശിച്ച കങ്കണയുടെ ചിത്രം എന്തുകൊണ്ടാണ് പാകിസ്താനില്‍ റീലീസ് ചെയ്തതെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യമാണ് വിവാദത്തില്‍ കലാശിച്ചത്.

Exit mobile version