അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസ്സി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. പിറന്നാള്‍ ആശംസകള്‍ ബാല എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്.
‘പിറന്നാളാശംസകള്‍ ബാലാ…നമ്മള്‍ പങ്കുവച്ച ഓര്‍മ്മകള്‍,തമാശകള്‍, ആ ചിരി എല്ലാം ഞാന്‍ എന്നെന്നും ഓര്‍മിക്കും.. നീ എനിക്കെന്നും സ്‌പെഷ്യല്‍ ആയ വ്യക്തിയായിരുന്നു, ഇനിയും അതങ്ങനെ തന്നെയാകും.. ഞാന്‍ നിന്നെ ഭയങ്കരമായി മിസ് ചെയ്യുന്നു…’ സ്റ്റീഫന്‍ കുറിച്ചു. ശിവമണിയെയും സ്റ്റീഫനെയും വാരിപുണരുന്ന ബാലഭാസ്‌ക്കറിന്റെ ഒരു ചിത്രവും പങ്കുവെച്ച് കൊണ്ടായിരുന്നു ആശംസകള്‍ നേര്‍ന്നത്. ഉറ്റസുഹൃത്തുക്കള്‍ ആയിരുന്ന സ്റ്റീഫനും ബാലഭാസ്‌കറും ഒന്നിച്ച് കേരളത്തിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകള്‍ നടത്തിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ 25-നാണ് പള്ളിപ്പുറത്ത് വെച്ച നടന്ന അപകടത്തിലാണ് ബാലഭാസ്‌ക്കര്‍ മരണപ്പെട്ടത്. കുടുംബം സഞ്ചരിച്ച കാര്‍ മരത്തില്‍ ഇടിച്ചാണ് അപകമുണ്ടായത്. മകള്‍ തേജസ്വിനി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 2-ന് പുലര്‍ച്ചെയുമാണ് മരിച്ചത്. മാസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിനൊടുവിലാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇപ്പോഴും അപകട മരണത്തെ ചൊല്ലിയുള്ള വിവാദങ്ങളും നിലനില്‍ക്കുന്നുണ്ട്.