‘വളരെ ലളിതമായ രീതിയില്‍ പെരുമാറുന്ന നടനാണ് വിജയ് സേതുപതി, ചിത്രീകരണം പുലര്‍ച്ച വരെ നീണ്ടപ്പോള്‍ യാതൊരു പരാതിയുമില്ലാതെ ഞങ്ങള്‍ക്കൊപ്പം സഹകരിച്ചു പ്രവര്‍ത്തിച്ചു’; ജോയ് മാത്യു

സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റേഡിയോയിലൂടെ പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റിക്കാരന്‍ മാര്‍ക്കോണി മത്തായിയുടെ കഥയാണ് പറയുന്നത്

ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’. ഈ ചിത്രത്തിലൂടെയാണ് തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ മലയാളത്തിലെ അരങ്ങേറ്റവും. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോയ് മാത്യു ചിത്രീകരണത്തിനിടയില്‍ വിജയ് സേതുപതിക്കൊപ്പമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തിലെ ലൂക്ക എന്ന കഥാപാത്രത്തിനായി നൃത്തം പഠിക്കേണ്ടി വന്നെന്നും വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ഏറെ സന്തോഷം നല്‍കിയെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

‘വളരെ ലളിതമായ രീതിയില്‍ പെരുമാറുന്ന നടനാണ് വിജയ്സേതുപതി. സെറ്റില്‍ കാണാന്‍ എത്തുന്നവര്‍ക്കൊപ്പമെല്ലാം ചിരിച്ചുകൊണ്ടുതന്നെ സെല്‍ഫിയെടുക്കുന്നത് കാണാം. ചിത്രീകരണം പുലര്‍ച്ചവരെ നീണ്ടപ്പോള്‍ യാതൊരു പരാതിയുമില്ലാതെ അഞ്ചുമണിവരെ ഞങ്ങള്‍ക്കൊപ്പം അദ്ദേഹം സഹകരിച്ചു പ്രവര്‍ത്തിച്ചു’ എന്നാണ് ജോയ് മാത്യു അഭിമുഖത്തില്‍ പറഞ്ഞത്.

ചിത്രത്തിലെ കൊറിയോഗ്രാഫറായ പ്രസന്ന മാസ്റ്റര്‍ വളരെ പണിപ്പെട്ടാണ് തന്നെ ചുവടുകള്‍ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റേഡിയോയിലൂടെ പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റിക്കാരന്‍ മാര്‍ക്കോണി മത്തായിയുടെ കഥയാണ് പറയുന്നത്. ആത്മീയയാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ജോയ് മാത്യു, സുധീര്‍ കരമന, മാമുക്കോയ, അനീഷ്, കലാഭവന്‍ പ്രജോദ്, ഇടവേള ബാബു, മല്ലിക സുകുമാരന്‍, ശശി കലിംഗ, ടിനി ടോം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Exit mobile version