ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടിയ നടന്‍ ഇന്ദ്രന്‍സിന് നാനാ ഭാഗങ്ങളില്‍ നിന്നുമാണ് അഭിനന്ദനങ്ങളും മറ്റും തേടിയെത്തിയത്. എന്നാല്‍ ഇതിനിടയില്‍ ഒരു വിവാദവും ഉടലെടുത്തിരുന്നു. എല്ലാവരും ഒന്നടങ്കം ഇന്ദ്രന്‍സിനെ വാഴ്ത്തുമ്പോള്‍ ചില സൂപ്പര്‍ സ്റ്റാറുകള്‍ താരത്തെ അവഗണിക്കുന്നുവെന്നും ഒന്ന് അഭിനന്ദിക്കാന്‍ പോലും തയ്യാറായില്ല തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്.
ഈ സാഹചര്യത്തില്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ദ്രന്‍സ്. തന്നെ എല്ലാവരും വിളിക്കുന്നുണ്ടെന്നും സ്‌നേഹം പങ്കിടുകയും ചെയ്യുന്നുണ്ടെന്നായിരുന്നു താരത്തിന്റെ പ്രതികരണം. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘എന്നെ എല്ലാവരും വിളിക്കുകയും, കാണുകയും, കാണുമ്പോള്‍ സ്‌നേഹം പങ്കിടുകയുമൊക്കെ ചെയ്തിരുന്നു. അങ്ങനെ ആരും പറയാതിരിക്കുകയോ വിളിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. എന്റെ ഫോണ്‍ ഇവിടെയുണ്ട്. വീട്ടുകാര്‍ക്ക് എടുക്കാന്‍ പറ്റിയ ഫോണ്‍ കോളൊക്കെ എടുക്കുകയും ചെയ്തിട്ടുണ്ട്’- ഇന്ദ്രന്‍സ് പറയുന്നു.
സൂപ്പര്‍ സ്റ്റാറുകളുമായി നല്ല ബന്ധമാണെന്നും എല്ലാവര്‍ക്കു തന്നോട് സ്നേഹമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ‘അങ്ങനെ ആരോടും അധികം അടുപ്പമില്ല. ചുറ്റുവട്ടത്തുള്ള നടന്മാര്‍ ഉണ്ടെങ്കില്‍ പരസ്പരം കാണും എന്നല്ലാതെ, സെറ്റില്‍ ചെല്ലുമ്പോള്‍ എല്ലാരോടും നല്ല സ്നേഹമാണ്. അവര്‍ക്കും എന്നോട് നല്ല സ്നേഹമാണ്’- ഇന്ദ്രന്‍സ് വ്യക്തമാക്കി. കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥ പറയുന്ന വെയില്‍മരം എന്ന ചിത്രമാണ് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ദ്രന്‍സിന് പുരസ്‌കാരം നേടികൊടുത്തത്.
Discussion about this post