ചെന്നൈ: തമിഴ്നാട് കടുത്ത വരള്‍ച്ചയുടെ പിടിയിലായിട്ട് കുറച്ചുകാലമായി. ചെന്നൈ ഉള്‍പ്പടെ നിരവധി പ്രദേശങ്ങളില്‍ ജനങ്ങള്‍ ഒരു തുള്ളി വെള്ളത്തിനായി നട്ടംതിരിയുകയാണ്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ നിര്‍ണായക തീരുമാനം എടുത്തിരിക്കുകയാണ് തമിഴ് സിനിമാ സംവിധായകര്‍.
തങ്ങളുടെ സിനിമകളില്‍ നിന്ന് മഴ രംഗങ്ങള്‍ പരമാവധി കുറയ്ക്കാനാണ് സംവിധായകരുടെ തീരുമാനം. സിനിമകളില്‍ മഴ രംഗങ്ങള്‍ ഒഴിവാക്കുകയോ അല്ലെങ്കില്‍ ഷവര്‍ ടെക്നിക്കുകള്‍ ഉപയോഗിച്ച് മിതമായ തോതില്‍ വെള്ളം ഉപയോഗിച്ച് രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയോ ചെയ്യാനാണ് സംവിധായകരുടെ കൂട്ടായ്മ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇനി ചിത്രത്തില്‍ മഴ ഒഴിച്ച് കൂട്ടാന്‍ പറ്റാത്തതാണെങ്കില്‍ ഒരു കെട്ടിടം മുഴുവന്‍ മഴ നനയുന്നത് കാണിക്കാതെ ഒരു ജാലകത്തിലൂടെയുള്ള മഴയുടെ കാഴ്ച സൃഷ്ടിക്കാവുന്നതാണ്. അതിന് ഒരു ബക്കറ്റ് വെള്ളം മാത്രമേ ആവശ്യമുള്ളൂവെന്ന് ബ്ലൂ ഓഷ്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ അക്കാദമിയുടെ ഡയറക്ടര്‍ കൂടിയായ ധനഞ്ജയന് പറഞ്ഞു.
കനത്ത മഴയില്‍ തങ്ങളുടെ പ്രിയതാരത്തിന്റെ മാസ് ഇന്‍ട്രോ സീനുകളും വമ്പന്‍ സംഘട്ടന രംഗങ്ങളും ആസ്വദിക്കുന്ന തമിഴ് സിനിമാ പ്രേമികള്‍ക്ക് ഈ തീരുമാനം വലിയ നിരാശയാണ് നല്‍കുന്നത്. എന്നാലും ഇത്തരമൊരു സാഹചര്യത്തില്‍ ഇങ്ങനെയൊരു തീരുമാനം എടുത്ത സിനിമാ സംവിധായകരെ എല്ലാവരും അഭിനന്ദിക്കുകയാണ്.