കൊച്ചി: സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയ സോഷ്യല്‍ മീഡിയ വിപ്ലവമായ മീ ടൂ പ്രമേയമാക്കി ചിത്രീകരിച്ച ഹ്രസ്വ ചിത്രം യൂ ട്യൂബില്‍ തരംഗമാകുന്നു. മീ ടൂ ക്യാംപെയിന്‍ സമൂഹത്തിലെ പല മാന്യന്‍മാരുടേയും മുഖംമൂടി വലിച്ച് കീറുന്നതായിരുന്നു. ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്യത്തിലാണ് ചിത്രം എടുത്തിരിക്കുന്നത്.
സിനിമാ താരങ്ങളും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ പല മേഖലയിലും പ്രവര്‍ത്തിക്കുന്ന പ്രമുഖരായ സ്ത്രീകളാണ് വെളിപ്പെടുത്തലുകളുമായി എത്തിയിരുന്നത്. ഇനിയും പലരും വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വരാതെ മറഞ്ഞിരിക്കുന്നുണ്ട് എന്നതാണ് സത്യം.
ഇത്തരം പീഡനക്കഥകള്‍ തുറന്ന് പറയാന്‍ മടിക്കുന്ന പെണ്‍ക്കുട്ടികള്‍ക്ക് കിട്ടിയ ഒരു അവസരമാണ് മീ ടൂ. നീതികിട്ടാതെ പതിറ്റാണ്ടുകളോളം കോടതി വരാന്തകളില്‍ അലയേണ്ടിവന്ന സൂര്യനെല്ലി പെണ്‍കുട്ടി ഉള്‍പ്പടെ സമൂഹത്തില്‍ ഒറ്റപ്പെട്ടവര്‍ക്ക് ഇത് ഒരു പ്ലാറ്റ്‌ഫോം ആണ്. അത്തരക്കാര്‍ക്ക് കരുത്ത് പകരേണ്ടതുണ്ട് എന്ന സ്വയം ബോധ്യവും ഒപ്പം ധാര്‍മ്മികമായ പിന്തുണയുമായാണ് മീ ടൂ എന്ന ഹൃസ്വ ചിത്രത്തിലൂടെ സന്ദീപ് ശശികുമാര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ നിര്‍വഹിക്കുന്നത്.
സജിത സന്ദീപ് കുടുംബിനിയുടെ വേഷം അതിമനോഹരമായി നിര്‍വഹിച്ചിരിക്കുന്നു. ഭാര്യ, സഹോദരി, അമ്മ ഇവര്‍ ‘പിഴക്കപ്പെട്ടു’ എന്നത് നാണക്കേടായി കരുതി മിണ്ടാതിരിക്കുന്നവര്‍ക്ക് കൂടെ വേണ്ടിയാണ് ഈ കൊച്ചു ചിത്രം സംസാരിക്കുന്നത്.
അപമാനിതയായി മാനസികമായും ശാരീരികമായും തകര്‍ക്കപ്പെട്ട് ‘പിഴ’ എന്ന അപമാനവും ‘ഇര’യെന്ന അപരത്വവും പേറി ജീവിക്കേണ്ടവളല്ല എന്ന് ചിത്രം ശക്തമായി തന്നെ പറയുന്നുണ്ട്. ലൈംഗികാധിക്രമത്തിനു വിധേയരാക്കപ്പെടുന്ന ഓരോ സ്ത്രീക്കും ധൈര്യപൂര്‍വം തുറന്നു പറയാവുന്ന കുറ്റവാളിയാണ് ശിക്ഷിക്കപ്പെടേണ്ടത്, മറിച്ച് കുറ്റകൃത്യത്തിനു വിധേയരായവരല്ല എന്ന് സമൂഹം തിരിച്ചറിവുണ്ടാകുന്ന കാലത്തെ നിര്‍മ്മിക്കുന്നവര്‍ക്ക് ഈ ചിത്രം വലിയ ഒരു താങ്ങാണ്.
ഓരോ താരങ്ങളും അവരുടെ അഭിനയം മികച്ചതാക്കി. സജിത സന്ദീപ്, അരുണ്‍ സോള്‍, ഷാജി എ ജോണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കഥയും തിരക്കഥയും സുനില്‍ തൃശൂര്‍. ആന്‍ പ്രഭാതാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
Discussion about this post