ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് മക്കള്‍ സെല്വന് വിജയ് സേതുപതി. തമിഴ് പ്രേക്ഷകര്‍ക്ക് പുറമെ മലയാളത്തിലും ആരാധകര്‍ ഉള്ള താരം കൂടിയാണ് വിജയ് സേതുപതി. ഇപ്പോഴിതാ ജയറാമിനൊപ്പം മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.
മറ്റ് താരങ്ങളില്‍ നിന്ന് വിജയ് സേതുപതിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹം തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളാണ്. വലിച്ച് വാരി കിട്ടുന്ന പടത്തിലൊക്കെ അഭിനയിക്കാത്ത താരം കൂടിയാണ് മക്കള്‍ സെല്വന്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സിനിമകള്‍ വാരിവലിച്ച് ചെയ്യാതെ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് താരം വ്യക്തമാക്കിയിരിക്കുന്നത്.
‘എന്നെ സംബന്ധിച്ചിടത്തോളം സിനിമകളുടെ എണ്ണത്തില്‍ അല്ല കാര്യം, മറിച്ച് ആത്മസംതൃപ്തി നല്കുന്ന ചിത്രങ്ങള്‍ ചെയ്യുക’ എന്നാണ് വിജയ് സേതുപതി അഭിമുഖത്തില്‍ വ്യക്തമാക്കിയത്. വിജയപരാജയങ്ങള്‍ ബാധിക്കാതെ മുന്നോട്ടു പോകുന്നത് മനസിന്റെ ഒരു അവസ്ഥയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. സിന്ദുബാദ് ആണ് ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ വിജയ് സേതുപതി ചിത്രം.