താന്‍ ചെയ്യാത്ത കുറ്റത്തിനാണ് 60 ദിവസം ജയില്‍ വാസം അനുഭവിക്കേണ്ടി വന്നതെന്ന് താരം ഷൈന്‍ ടോം ചാക്കോ. ഇതിഹാസ എന്ന ചിത്രം അപ്രതീക്ഷിത ഹിറ്റായി നില്‍ക്കവെയാണ് തനിക്കെതിരെ അറസ്റ്റുണ്ടാകുന്നത്. മറ്റാര്‍ക്കോ വിരിച്ച വലയില്‍ താന്‍ കുരുങ്ങുകയായിരുന്നെന്നും ജീവിതം തന്നെ ആ സംഭവത്തോടെ മാറി മറിഞ്ഞെന്നും ഷൈന്‍ പറയുന്നു. ഒരു സിനിമാ മാസികയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഷൈന്‍ ടോം തന്റെ ജീവിതത്തിലെ ഇരുണ്ട ദിനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്. അടുത്തകാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ അമ്പരപ്പിക്കുന്ന പ്രകടനം നടത്തി തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോള്‍ ഷൈന്‍.
കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു തനിക്ക് തിരിച്ചടിയുണ്ടായത്. അറുപതുദിവസത്തോളം ജയിലില്‍ കഴിഞ്ഞു. സഹതടവുകാരനായ ഗണപതി എന്ന വ്യക്തിയാണ് തനിക്ക് ആത്മവിശ്വാസം പകര്‍ന്നതെന്നും അന്ന് ജയിലില്‍ വെച്ചാണ് ആദ്യമായി ഒരു പുസ്തകം മുഴുവനായി വായിക്കുന്നതെന്നും ഷൈന്‍ പറയുന്നു. പൗലോ കൊയ്ലോയുടെ ‘ദി ഫിഫ്ത് മൗണ്ടന്‍’ എന്ന പുസ്തകമായിരുന്നു അത്. ഒരു മനുഷ്യനെ പുസ്തകങ്ങള്‍ എത്രത്തോളം സ്വാധീനിക്കുമെന്ന് അന്നാണ് മനസിലായതെന്നും ഷൈന്‍ ടോം അഭിമുഖത്തില്‍ വെളിപ്പെടുത്തി.
‘വിശ്വാസം അതല്ലേ എല്ലാം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പിടിയിലായത്. ആ സിനിമയ്ക്കായി പ്രത്യേക ഹെയര്‍സ്റ്റൈലില്‍ വളര്‍ത്തിയ മുടിയൊക്കെ അവര്‍ വെട്ടിക്കളഞ്ഞു. ‘മുടി വെട്ടരുതേ’ എന്ന് കേണപേക്ഷിച്ചിട്ടും അവരെന്റെ മുടി വെട്ടി. ഞാന്‍ ജയിലിലായ സമയത്ത് രണ്ടാഴ്ചയോളം മമ്മി ആഹാരം കഴിച്ചില്ലെന്നും ഓരോ ബുധനാഴ്ചകളിലും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ച് ഡാഡിയെ കാത്തിരിക്കുകയായിരുന്നെന്നും ഷൈന്‍ പറയുന്നു.
‘നീണ്ട 60 ദിവസം വേണ്ടി വന്നു പുറത്തിറങ്ങാന്‍. എന്നെ കുടുക്കാന്‍ ഉപയോഗിച്ച തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണ്. മാറ്റാരെയോ കുടുക്കാന്‍ എറിഞ്ഞ വലയില്‍ താന്‍ ചെന്നു വീണതാകാം’. എല്ലാം കോടതിയില്‍ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഷൈന്‍ പറഞ്ഞു.
Discussion about this post