കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വീണ്ടും നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍. പ്രസിഡന്റ് മോഹന്‍ലാല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപ് സംഘടനയില്‍ നിന്ന് രാജി വെച്ചതെന്ന് യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനറല്‍ സെക്രട്ടറി ഇടവേള ബാബു അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുണ്ടായ സാഹചര്യവും വിശദീകരിക്കുന്നുണ്ട്. ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് നടി ഊര്‍മ്മിള ഉണ്ണിയാണു വിഷയം ഉന്നയിച്ചതെന്നും ഐകകണ്ഠ്യേനെ കൈയ്യടിച്ചാണു ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ദിലീപ് സ്വമേധയാ രാജിവെച്ചതാണെന്ന നടന് സിദ്ധീഖ് അടക്കമുള്ളവരുടെ പ്രസ്താവന തള്ളുന്നതാണ് റിപ്പോര്‍ട്ട്. ഇത്തവണ യോഗത്തിന് ഊര്‍മ്മിള ഉണ്ണി പങ്കെടുത്തില്ലയെന്നതും ശ്രദ്ധേയമായി.
എഎംഎംഎയുടെ നടപടിയില്‍ പ്രതിഷേധിച്ച് രാജി വെച്ച ഭാവന, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന് എന്നിവരുടെ രാജി അംഗീകരിച്ചെന്നും രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരുമായി നിര്‍വാഹക സമിതി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഏതൊക്കെ വിഷയത്തിലാണ് ചര്‍ച്ച നടത്തിയെന്നതില്‍ വിശദാംശങ്ങളൊന്നുമില്ല.
Discussion about this post