കൊച്ചി: മലയാള സിനിമാതാരങ്ങളുടെ സംഘടന എഎംഎംഎയുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ പുരോഗമിക്കുന്നു. ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന യോഗത്തിലേക്ക് താരങ്ങള്‍ ഒഴുകിയെത്തുകയാണ്. മുന്നൂറിലേറെ താരങ്ങള്‍ യോഗത്തിനെത്തി. ഡബ്ല്യുസിസി അംഗങ്ങളായ നടിമാരായ പാര്‍വതിയും രേവതിയും യോഗത്തിനെത്തിയത് ശ്രദ്ധേയമായി. 25-ാം വാര്‍ഷിക പൊതുയോഗത്തില്‍ സംഘടനയുടെ ഭരണഘടന ഭേദഗതിയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്കെത്തി. വനിതാ അംഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്ന രീതിയില്‍ ആയിരിക്കും ഭേദഗതി എന്നാണ് സൂചന.
സംഘടനയില്‍ അംഗമായിരുന്ന നടി കൊച്ചിയില്‍ വെച്ച് ആക്രമിക്കപ്പെട്ട സംഭവവും നടന്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും ശേഷം അമ്മയിലെ വനിതാ അംഗങ്ങള്‍ തന്നെ ഉയര്‍ത്തിയിരിക്കുന്ന ആവശ്യങ്ങള്‍ പരിഗണിച്ചാണ് സംഘടനയുടെ ഭരണ ഘടനയില്‍ ഭേദഗതി വരുത്തുക എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സംഘടനയില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പടെ നാല് താരങ്ങള്‍ രാജിവെച്ചിരുന്നു.
അമ്മയില്‍ ആഭ്യന്തര പരാതി പരിഹാരസെല്‍ രൂപീകരിക്കണമെന്ന ആവശ്യവും വനിതാ സംഘടന എഎംഎംഎയോട് ആവശ്യപ്പെട്ടിരുന്നു. ഇതും ഇത്തവണത്തെ യോഗത്തില്‍ ചര്‍ച്ചയ്‌ക്കെത്തും. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കുറഞ്ഞത് നാല് സ്ത്രീകളെയെങ്കിലും ഉള്‍പ്പെടുത്താനും വൈസ്പ്രസിഡന്റ് സ്ഥാനം വനിതാ അംഗത്തിന് നല്‍കാനുമായിരിക്കും തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.