മലയാളത്തിലെ ആദ്യ ട്രാന്സ്ജെന്റര് നായികയായ അഞ്ജലി അമീര്‍ ഇനി കോളേജ് കുമാരിയാവുകയാണ്. പ്ലസ് ടുവില്‍ മുടങ്ങി പോയ പഠനമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കുവാന്‍ തീരുമാനം എടുത്തത്. പ്രവേശന നടപടികള്‍ക്കായി കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെത്തിയ അഞ്ജലിയെ നിറകൈയ്യടികളോടെയാണ് മറ്റുള്ള വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്.
അഞ്ജലിയെ എസ്എഫ്ഐയും യൂണിയന് ഭാരവാഹികളും ചേര്‍ന്നാണ് സ്വീകരിച്ചത്. തുടര്‍പഠനത്തിനുള്ള ആഗ്രഹം അഞ്ജലി കോളേജ് പ്രിന്‍സിപ്പലിനെ നേരിട്ട് അറിയിക്കുകയായിരുന്നു. പ്രവേശന നടപടികള്‍ പൂര്‍ത്തിയായാല്‍ ഈ വര്‍ഷം തന്നെ താരത്തിന് ക്ലാസിലിരിക്കാന്‍ സാധിക്കും.
പ്രായം പ്രശ്നമല്ലെന്നും അഞ്ജലിക്ക് ഇഷ്ടമുള്ള കോളജില്‍ പഠിയ്ക്കാമെന്നും കാലിക്കറ്റ് സര്‍വ്വകലാശാല വിസിയും അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി യൂണിയനും അഞ്ജലിക്ക് പൂര്‍ണ്ണ പിന്തുണയാണ് അറിയിച്ചിരിക്കുന്നത്. മലയാളം ഐഛിക വിഷമായി പഠിയ്ക്കാനാണ് തീരുമാനം. പരിഹാസവും അവഗണനയും സഹിക്കാനാകാതെ നാടുവിടുമ്പോള്‍ പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഉണ്ടായിരുന്നതെന്നും, പിന്നീടാണ് പ്ലസ് ടു എഴുതി എടുത്തതെന്നും ഇനിയും പഠിയ്ക്കണം ഒരിക്കല്‍ കൈമോശം വന്നതെല്ലാം തിരിച്ചുപിടിയ്ക്കണമെന്നും അഞ്ജലി പറഞ്ഞു.