മലയാള സിനിമയില്‍ ഭക്ഷണം പ്രധാന കഥാപാത്രമായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ആഷിക്ക് അബു സംവിധാനം ചെയ്ത് 2011 ല്‍ റിലീസ് ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രം. വില്ലന്‍ വേഷത്തില്‍ മാത്രം കണ്ടിരുന്ന ബാബുരാജിന്റെ മറ്റൊരു മുഖമാണ് ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചത്.
ഇപ്പോഴിതാ ആ ചിത്രത്തിന് രണ്ടാം ഭാഗവുമായി എത്തിയിരിക്കുകയാണ് ബാബുരാജ്. താരം തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ ദോശയാണ് താരമെങ്കില്‍ ഇത്തവണ ചിത്രത്തിലെ താരം കട്ടന്‍ കാപ്പിയാണ്.
‘ഒരു പ്രേമം ഉണ്ടാക്കിയ കഥ’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ബാബുരാജ് കുക്ക് ബാബുവായി തന്നെ ചിത്രത്തിലെത്തുന്നുണ്ട്. ഇതിന് പുറമെ കാളിദാസനായി ലാലും മായയായി ശ്വേത മേനോനും എത്തും. ഇവര്‍ക്ക് പുറമെ ലെന, രചന നാരായണന്‍കുട്ടി, മൈഥിലി, ഒവിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ലാലിന്റെ കഥാപാത്രമായ കാളിദാസനുമായി പിണങ്ങിയ കുക്ക് ബാബു നാല് പെണ്‍കുട്ടികളുള്ള ഫ്ളാറ്റിലെ പാചകക്കാരനാകുന്നതോടെയാണു ബ്ലാക്ക് കോഫി എന്ന ചിത്രം തുടങ്ങുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും.
Discussion about this post