സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ റെഡ് കാര്‍പ്പെറ്റ് വെല്‍ക്കം കിട്ടിയ നടന്‍ ഇന്ദ്രന്‍സിന്റെ ചിത്രങ്ങള്‍. ഇന്ദ്രസിനെ കേന്ദ്രകഥാപാത്രമാക്കി ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ക്ക് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണിത്.
ഇന്ദ്രന്‍സിന് ഷാങ്ഹായ് ഫെസ്റ്റിവലില്‍ റെഡ്കാര്‍പ്പെറ്റ് വെല്‍ക്കം കിട്ടിയത് മലയാളികള്‍ ആഘോഷമാക്കിയിരുന്നു. ഈ അവസരത്തില്‍ ഇന്ദ്രന്‍സിനെ കുറിച്ച് ഷിബു ഗോപാകൃഷ്ണന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചെറിയ മനുഷ്യരുടെ വലിയ വിജയങ്ങള്‍ക്ക് മുന്നില്‍ വേണം നമ്മള്‍ എഴുന്നേറ്റു നിന്നു കൈയ്യടിക്കാന്‍ എന്നും അവര്‍ നടന്നു തീര്‍ത്ത പെരുവഴികള്‍ ഒടുവില്‍ അവര്‍ക്കു മുന്നില്‍ ചുവപ്പന്‍ പരവതാനി വിരിക്കുമ്പോള്‍, ആകാശത്തോളം മുഴക്കമുള്ള ആരവങ്ങള്‍ കൊണ്ട് വേണം നമ്മള്‍ അതിനെ അഭിനന്ദിക്കാന്‍ എന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബു്ക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
അമ്മാവന്റെ തയ്യല്‍മെഷീന്റെ ചക്രങ്ങളുടെയും തടിയറപ്പുകാരനായ അച്ഛന്റെ ഈര്‍ച്ചവാളിന്റെയും ശബ്ദമായിരുന്നു എന്റെ താരാട്ട് എന്നാണ് ആത്മകഥയില്‍ ഇന്ദ്രന്‍സ് എഴുതുന്നത്. സിനിമയില്‍ താരങ്ങളുടെ അഴകളവുകള്‍ അണുവിട തെറ്റാതെ തുന്നുന്ന വലിയ വസ്ത്രാലങ്കാരവിദഗ്ധന്‍ ഒക്കെ ആയെങ്കിലും ഇന്ദ്രന്‍സിനു നാലാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നത് സ്‌കൂള്‍ യൂണിഫോം ഇല്ലാത്തതുകൊണ്ടായിരുന്നു. സിനിമാ നടനായതിനു ശേഷവും പഠിപ്പുള്ള താരസദസ്സുകളില്‍ സംസാരിക്കാനാവാതെ അദ്ദേഹം അപകര്‍ഷതകളില്‍ ആണ്ടുപോകുമായിരുന്നു.
ശാരീരികമായ പരിമിതികള്‍ നാടകങ്ങളില്‍ പോലും ഇഷ്ടപ്പെട്ട വേഷങ്ങള്‍ അഭിനയിക്കുന്നതിനു തടസമായപ്പോള്‍ അദ്ദേഹം ജിമ്മില്‍ പോയി. ഒടുവില്‍ ആശാന്‍ തോറ്റുപിന്മാറി ജിമ്മില്‍ നിന്നും പറഞ്ഞു വിട്ടു. അഭിനയിക്കണമെന്നുള്ള ആഗ്രഹം നല്ലതുപോലെ പുഷ്ടിപ്പെട്ടെങ്കിലും ശരീരം മാത്രം പുഷ്ടിപ്പെട്ടില്ല. ആകാരസൗകുമാര്യമുള്ള നടീനടന്മാരുടെ കൂടെ അഭിനയിക്കുമ്പോള്‍ സീനിന്റെ ഗൗരവം ചോര്‍ന്നുപോകാതിരിക്കാന്‍ ഇന്ദ്രന്‍സ് പലപ്പോഴും മാറ്റിനിര്‍ത്തപ്പെടുമായിരുന്നു.
തേടിവന്ന കഥാപാത്രങ്ങള്‍ മുഴുവന്‍ ബോഡി ഷേമിങിന്റെ സര്‍വ്വസാധ്യതകളും ഉള്ള വളിപ്പന്‍ കോമഡികളായിരുന്നു. കൊടക്കമ്പി എന്നുള്ളത് സ്‌ക്രീനിനു പുറത്തും വിളിപ്പേരായി. എന്നിട്ടും പരിഭവങ്ങളൊന്നുമില്ലാതെ ഈ ചെറിയ മനുഷ്യന്‍ അഭിനയിച്ചുകൊണ്ടേയിരുന്നു. തലയെടുപ്പുകളില്ലാത്ത, അവകാശവാദങ്ങളില്ലാത്ത, ആഡംബരങ്ങളില്ലാത്ത, അതിമോഹങ്ങളില്ലാത്ത ചെറിയ ജീവിതവുമായി അയാള്‍ ചിലവേഷങ്ങള്‍ക്ക് പകരക്കാരന്‍ ഇല്ലാത്ത സൗമ്യതയായി, സാന്ദ്രതയായി.
ആളൊരുക്കത്തിന് അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്നു ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് അദ്ദേഹം മറുപടി പറയുന്നത് സാറേ എന്നുവിളിച്ചു കൊണ്ടാണ്. എന്റെ ചെറിയ മുഖം ആയതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നതൊക്കെ എന്റെ മുഖത്ത് വരുമോ എന്ന ഭയമുണ്ടായിരുന്നു എന്നുപറയുമ്പോള്‍ ഇന്ദ്രന്‍സ് മികച്ച നടന്‍ മാത്രമല്ല, മികച്ച മനുഷ്യന്‍ കൂടിയാവുന്നു. എല്ലാ സംസാരങ്ങളിലും ഞാന്‍ ആരുമല്ല എന്നുമാത്രം ആദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ കാര്‍പെറ്റ് വെല്‍ക്കം കിട്ടിയ ഈ മനുഷ്യന്‍ ഒരു വലിയ വാര്‍ത്ത അല്ലായിരിക്കാം. ചെറിയ മനുഷ്യരുടെ വലിയ വിജയങ്ങള്‍ക്ക് മുന്നില്‍ വേണം എഴുന്നേറ്റു നിന്നു നിലയ്ക്കാതെ കൈയടിക്കാന്‍. അവര്‍ നടന്നു തീര്‍ത്ത പെരുവഴികള്‍ ഒടുവില്‍ അവര്‍ക്കു മുന്നില്‍ ചുവപ്പന്‍ പരവതാനി വിരിക്കുമ്പോള്‍, ആകാശത്തോളം മുഴക്കമുള്ള ആരവങ്ങള്‍ കൊണ്ട് വേണം നമ്മള്‍ അതിനെ അഭിനന്ദിക്കാന്‍.