പേരന്‍പ്, യാത്ര, മധുരരാജ..ഇപ്പോള്‍ ഉണ്ടയും..തുടര്‍ച്ചയായി വിജയ ചിത്രങ്ങളുമായി റെക്കോര്‍ഡ് തീര്‍ക്കുകയാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി. സിനിമയോട് തനിക്കുള്ള അടങ്ങാത്ത ആര്‍ത്തി കാരണമാണ് തുടര്‍ച്ചയായി ചിത്രങ്ങള്‍ ചെയ്യുന്നതെന്ന് മമ്മൂട്ടി മുമ്പ് പറഞ്ഞിട്ടുണ്ട്.
അവിചാരിതമായി സിനിമയിലേക്കെത്തിയതാണ് അദ്ദേഹം, എന്നാല്‍ സിനിമാ പ്രേമം കാരണം ചെറുപ്പത്തില്‍ ഒരുപാട് വഴക്ക് കേട്ടിട്ടുണ്ട്. കൂടാതെ കോളേജില്‍ ഒരു വര്‍ഷം നഷ്ടപ്പെടുത്തേണ്ടിയും വന്നിട്ടുണ്ട്. പ്രീഡിഗ്രി സെക്കന്‍ഡ് ഇയര്‍ തോറ്റു. ജീവിതം വരെ പണയംവച്ച് സിനിമയ്ക്കു പോയ ആളാണ്…’ പുതിയ ചിത്രം ‘എവിടെ’യുടെ ഓഡിയോ ലോഞ്ചിനിടെ താരം വികാരധീനനായി.
‘ഉയരെ’യ്ക്കു ശേഷം ബോബി-സഞ്ജയ് കൂട്ടുക്കെട്ടിന്റെ പുതിയ സിനിമയാണ് ‘എവിടെ’. ജൂബിലി, പ്രകാശ് മൂവിടോണ്‍, മാരുതി പിക്‌ചേഴ്‌സ് എന്നിവര്‍ സംയുക്തമായി നിര്‍മിക്കുന്ന സിനിമയാണ് ‘എവിടെ’.
ചടങ്ങില്‍ പ്രേംപ്രകാശ്, ജോയ്, തൊമ്മിക്കുഞ്ഞ് എന്നീ പഴയകാല നിര്‍മാതക്കളെ കണ്ടപ്പോള്‍ മമ്മൂട്ടി ഹാസ്യരൂപേണ പറഞ്ഞു. ‘നാടുവിട്ടുപോയ മകന്‍ നാട്ടില്‍ വന്ന ഫീലിങ്. പഴയ ആള്‍ക്കാരെ കാണാന്‍ പറ്റിയതില്‍ ഏറെ സന്തോഷം.
മമ്മൂട്ടി ആദ്യമായി തിരക്കഥാ കൃത്തുക്കളായ ബോബിയും സഞ്ജയെയും കാണുന്നത് കൂടെവിടെയുടെ സെറ്റിലായിരുന്നു. അന്ന്, ചെറിയ കുട്ടികളായിരുന്നു അവര്‍. മമ്മൂട്ടി ജീപ്പില്‍ കയറ്റി വേഗത്തില്‍ ഓടിച്ചുപോയപ്പോള്‍ പേടിച്ചിരുന്ന കാര്യമെല്ലാം ബോബിയും സഞ്ജയും പങ്കുവച്ചു.
ഇതിനും ഹാസ്യം കലര്‍ത്തി മെഗാസ്റ്റാറിന്റെ മറുപടിയെത്തി. ”ബോബിയും സഞ്ജയും ഇപ്പോഴും പറയുന്നതു കേട്ടാല്‍ ഇപ്പോഴും അവര്‍ വലുതായിട്ടില്ലെന്ന് തോന്നും. ഞങ്ങള്‍ വളരെ ചെറുപ്പത്തിലാണ്. എല്ലാം ചെറുപ്പത്തിലാണ്. ഇവര്‍ ഇനി എന്നാ വലുതാകുകയെന്ന് അറിയില്ല. ഇരുവര്‍ക്കും ഈരണ്ടു മക്കള്‍ വീതമുണ്ട്. എന്നിട്ടും വലുതായിട്ടില്ല”.
സംഗീത സംവിധായകന്‍ ഔസേപ്പച്ചനെയും വെറുതെ വിട്ടില്ല. ഔസേപ്പച്ചന്‍ ആദ്യം വയലിന്‍ വായിക്കുന്ന കലാകാരനായിരുന്നു. ആദ്യം സിനിമയില്‍ അഭിനയിച്ചാണ് തുടങ്ങിയത്. പക്ഷേ, ഔസേപ്പച്ചന് ആ സിനിമയുടെ പേരുപോലും ഓര്‍മ കാണില്ല”.
കൂടാതെ നിര്‍മാതാവും നടനായ പ്രേംപ്രകാശിനും കിട്ടി മമ്മൂട്ടിയുടെ വക ട്രോള്‍. ”പ്രേംപ്രകാശിന്റെ പേര് കറിയാച്ചനെന്നാണ്. പാട്ടുപാടാനാണ് ആദ്യം സിനിമയില്‍ നോക്കിയത്. നടന്നില്ല. പിന്നെ, അഭിനയമായി. അരനാഴിക നേരം സിനിമയിലാണ് തുടങ്ങിയത്. പലപരിപാടികള്‍ക്കും കാണുമ്പോള്‍ കറിയാച്ചന്‍ പാട്ടുപാടുന്നത് കാണാം. നിസാര പാട്ടല്ല പാടുന്നേ. മുഹമ്മദ് റാഫിയുടെ പാട്ട്. േവറെ ഏത് പാട്ടായാലും നമുക്ക് കുഴപ്പമില്ല. പാടി തെളിയാത്ത പാട്ടുകാരനാണ് കറിയാച്ചന്‍”.
മുപ്പതു വര്‍ഷം മുമ്പ് മമ്മൂട്ടി വിഡിയോ ആല്‍ബമെടുത്ത കാര്യമാണ് സംവിധായകന്‍ കെ.കെ രാജീവ് ഓര്‍മപ്പെടുത്തിയത്. ടെക്‌നോളജിക്ക് മുമ്പേ നടക്കുന്നയാളാണ് മമ്മൂട്ടിയെന്ന് കെകെ രാജീവ് പറഞ്ഞു.
ഉടനടി താരത്തിന്റെ മറുപടിയെത്തി, ക്ലാസില്‍ പിറ്റേന്നു പഠിപ്പിക്കുന്ന പാഠം തലേന്നു രാത്രി കുത്തിയിരുന്നു പഠിച്ച് ക്ലാസില്‍ മാഷ് പഠിപ്പിക്കുമ്പോള്‍ ഉറക്കെപറയും. ഇങ്ങനെ, ആവേശം കാട്ടിയിരുന്ന കുട്ടിയായിരുന്നു താനെന്ന്. ടെക്‌നോളജിക്ക് പുറകെ പോയത് ഒരുതരം ഭ്രാന്താണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നടന്‍ മനോജ് കെ ജയന്‍, ആശ ശരത്, കുഞ്ചന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.